കോഴിക്കോട് ജില്ലയിൽ ക്രിസ്ത്യൻ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച മുസ്ലീം യുവാവായ പ്രാദേശിക സി.പി.എം. നേതാവിനെതിരെ വിമർശനവുമായി സി.പി.എം. ജില്ലാ നേതാവ്. തിരുവമ്പാടിയിലെ കോടഞ്ചേരി കണ്ണോത്ത് മേഖലാ ഡി വൈ എഫ് ഐ സെക്രട്ടറിയും സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവുമായ ഷെജിനെതിരെയാണ് നേതൃത്വം രംഗത്ത്. ഷെജിൻ ശനിയാഴ്ചയാണ് ക്രിസ്ത്യാനിയായ ജ്യോല്‍സ്‌നയെ വിവാഹം ചെയ്തത്.
കേരളത്തില്‍ മുസ്ലീം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ പല രീതിയിലും വിദ്വേഷപരമായ മനോഭാവങ്ങള്‍ വളര്‍ന്നു വരുന്നുണ്ടെന്ന നിഗമനം ശരി വെക്കും വിധം ഷെജിനെതിരെ ക്രിസ്ത്യന്‍ സമുദായത്തിലുള്ളവര്‍ ലവ് ജിഹാദ് ആരോപിച്ച് രംഗത്തുവരികയായിരുന്നു. സി.പി.എമ്മിനെതിരെയും ക്രിസ്ത്യന്‍ സമുദായം തിരിഞ്ഞു. ഷെജിന്‍ സമുദായത്തെ വേദനിപ്പിച്ചു എന്നാരോപിച്ചായിരുന്നു ഇത്.
ഷെജിന്റെ മിശ്രവിവാഹത്തെ പിന്തുണയ്ക്കുന്നതിനു പകരം ക്രിസ്ത്യന്‍ സമുദായത്തില്‍ ഇപ്പോള്‍ സി.പി.എമ്മിനുള്ള സ്വാധീനം നഷ്ടപ്പെടുമെന്ന് പരസ്യമായി പ്രതികരിച്ച് ഷെജിനെതിരെ രംഗത്തു വരികയാണ് തിരുവമ്പാടി മുന്‍ എം.എല്‍.എ.യും കോഴിക്കോട് ജില്ലാ സിപിഎം സെക്രട്ടറിയറ്റ് അംഗവുമായ ജോര്‍ജ്ജ് എം. തോമസ് ചെയ്തിരിക്കുന്നത്. പല രീതിയിലും ക്രിസ്ത്യന്‍ സമുദായവും സഭാ നേതൃത്വവും പാര്‍ടിയുമായി അടുത്തു വരുന്ന കാലമാണിതെന്നും ഷെജിന്റെ വിവാഹം അതിന് തിരിച്ചടി ഉണ്ടാക്കുന്ന സംഭവമാണെന്നും ജോര്‍ജ്ജ് എം.തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കോടഞ്ചേരിയില്‍ സി.പി.എം. ഇതു സംബന്ധിച്ച് വിശദീകരണ യോഗവും വിളിച്ചിട്ടുണ്ട്. ഷെജീൻ ഈ വിവാഹക്കാര്യം പാർട്ടിയിൽ അറിയിച്ചിട്ടില്ല എന്ന പരാതി നേതാക്കൾ ഉയർത്തുന്നുണ്ട്. മത സൗഹാർദം തകർക്കുന്ന സാഹചര്യം ഉണ്ടാകുന്നു എന്നും പരാതി ഉയർത്തുന്നു.
പൊലീസിൽ ലഭിച്ച പരാതിയെ തുടർന്ന് താമരശ്ശേരി കോടതിയില്‍ ഹാജരായ ജ്യോല്‍സ്‌നയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിച്ചിട്ടുണ്ട്.














