• Home
  • kerala
  • എം.സി. ജോസഫൈൻ അന്തരിച്ചു

എം.സി. ജോസഫൈൻ അന്തരിച്ചു

സി.പിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ വനിതാ കമ്മീഷൻ ചെയർ പേഴ്സണുമായ എം.സി.ജോസഫൈൻ അന്തരിച്ചു. കണ്ണൂരിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞുവീണു.എ.കെ.ജി ആശുപത്രി വെന്റിലേറ്ററിലായിരുന്നു.

ഞായറാഴ്‌ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയാണ്‌ . ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

വിദ്യാർഥി–-യുവജന–-മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. 1978ൽ സിപിഐ എം അംഗത്വം. 1984ൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായി. സംസ്ഥാന വെയർഹൗസിങ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.

13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. വൈപ്പിൻ മുരിക്കുംപാടം സെന്റ്‌ മേരീസ്‌ സ്‌കൂൾ, ഓച്ചന്തുരുത്ത്‌ സാന്താക്രൂസ്‌ ഹൈസ്‌കൂൾ, ആലുവ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കോളേജിൽനിന്ന്‌ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.

Leave a Reply

Your email address will not be published. Required fields are marked *