• Home
  • latest news
  • രാജപക്‌സെക്ക് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു; പുതുതായി ചുമതലയേറ്റ ധന മന്ത്രിയും രാജിവച്ചു

രാജപക്‌സെക്ക് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു; പുതുതായി ചുമതലയേറ്റ ധന മന്ത്രിയും രാജിവച്ചു

അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായി പാർലമെന്റ് നടപടികൾ ചൊവ്വാഴ്ച ആരംഭിച്ചതോടെ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ഭരണസഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 41 നിയമസഭാംഗങ്ങൾ സഖ്യം ഉപേക്ഷിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. താൻ സ്ഥാനമൊഴിയില്ലെന്നും എന്നാൽ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കുന്നവർക്ക് സർക്കാർ കൈമാറാൻ തയ്യാറാണെന്നും പ്രസിഡന്റ് രാജപക്‌സെ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ പ്രസിഡന്റിന്റെ സഹോദരൻ ബേസിൽ രാജപക്‌സെയ്‌ക്ക്പകരം ധനകാര്യമന്ത്രിയായി ചുമതലയേറ്റ അലി സാബ്രി രാജി വെച്ചു. അഭൂത പൂര്‍വ്വമായ പ്രതിസന്ധിയെ മറികടക്കാന്‍ പുതിയതും കൂടുതല്‍ നല്ലതും പരമ്പരാഗതമല്ലാത്തതുമായ നടപടികള്‍ അനിവാര്യമാണെന്ന്‌ പ്രസ്‌താവിച്ചുകൊണ്ടായിരുന്നു രാജി. ഏപ്രിൽ മൂന്നിന് താൻ നീതിന്യായ മന്ത്രി സ്ഥാനം രാജിവച്ചപ്പോൾ മറ്റൊരു പദവി ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സാബ്രി കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച രണ്ടായിരത്തോളം പ്രതിഷേധക്കാർ തങ്കല്ലെയിലെ വസതിയിലെത്തി. പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ തകർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു. കൊളംബോയിലെ ഇൻഡിപെൻഡൻസ് സ്‌ക്വയറിലും ആറ് ജനപ്രതിനിധികളുടെ വസതികൾക്ക് പുറത്തും ഉൾപ്പെടെ രാജ്യത്തുടനീളം പ്രതിഷേധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *