ആന്ധ്രപ്രദേശില്‍ ഒറ്റയടിക്ക് 13 പുതിയ ജില്ലകള്‍ നിലവില്‍ വന്നു. നിലവില്‍ ഉള്ള 13 എണ്ണവും ചേര്‍ത്ത് ഇപ്പോള്‍ ആകെ ജില്ലകള്‍ 26 ആയി. 13 പുതിയ ജില്ലകൾ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി തിങ്കളാഴ്ച ഔദ്യോഗിക വസതിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ജില്ലാ കലക്ടർമാർ, പൊലീസ് സൂപ്രണ്ടുമാർ എന്നിവർ അതത് ജില്ലകളിലെ ഉദ്ഘാടന പരിപാടികളിൽ പങ്കെടുത്തു.
2019 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ റെഡ്ഡി, തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളും ഓരോ ജില്ലയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനത്ത് 25 ലോക്‌സഭാ സീറ്റുകളാണുള്ളത്. കിഴക്കൻ ഗോദാവരിയിലെയും വിശാഖപട്ടണത്തിലെയും ആദിവാസി മേഖലകളെ വിഭജിച്ച് ഒരു ജില്ല കൂടി രൂപീകരിച്ചു.
4.96 കോടി ജനസംഖ്യയുള്ള ആന്ധ്രപ്രദേശിന് പുതിയ ജില്ലകൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഇന്നലെ വരെ 38.15 ലക്ഷം ജനങ്ങൾക്ക് ഒരു ജില്ലയുണ്ടായിരുന്നിടത്ത് ഇപ്പോൾ 13 പുതിയ ജില്ലകൾ സൃഷ്ടിക്കപ്പെട്ടതോടെ 19.07 ലക്ഷം ജനസംഖ്യയ്ക്ക് ഒരു ജില്ല എന്ന നില വന്നു — അദ്ദേഹം പറഞ്ഞു.













