മുട്ടിൽ മരംമുറി കേസിൽ ആരോപണവിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർ എൻ ടി സാജനെ ചട്ടം മറികടന്ന് ചീഫ് കൺസർവേറ്ററുടെ തസ്തികയിൽ നിയമിച്ച സർക്കാർ നടപടി കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. സാജനെതിരെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ ഡി. എഫ്.ഒ . വിനോദ് കുമാറിന് അപ്രധാന തസ്തികയായ സോഷ്യൽ ഫോറസ്ട്രിയുടെ ചുമതല നൽകുകയും ചെയ്തിരുന്നു. വിനോദ് കുമാറിന്റെ നിയമനവും അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞു.
ദക്ഷിണമേഖലാ ചീഫ് കൺസർവേറ്ററായിരുന്ന സഞ്ജയൻ കുമാർ നൽകിയ ഹർജിയിലാണ് നടപടി. നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു ഹർജി. വിഷയത്തിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിന്റെ മറുപടി തേടിയിരിക്കുകയാണ്. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
മുട്ടിൽ മരംമുറി കണ്ടെത്തുകയും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത വിനോദ് കുമാർ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. കേസന്വേഷണം പൂർത്തിയാകാനിരിക്കെ ചട്ടങ്ങൾ ലംഘിച്ച് വിനോദ് കുമാറിനെ സ്ഥലം മാറ്റുകയായിരുന്നു.














