Categories
kerala

ആഡംബര കപ്പലിലെ ലഹരി പാർട്ടി : ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് കണ്ടെത്തൽ…

ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരേ തെളിവില്ലെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.)യുടെ കണ്ടെത്തൽ. പ്രത്യേക അന്വേഷണ സംഘം സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു

അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായോ ലഹരിമരുന്ന് കടത്തിന്റെ ഗൂഢാലോചനയിലോ ആര്യൻ ഖാന് ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും ഇല്ലെന്നാണ് എൻ.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

thepoliticaleditor

കപ്പലിൽനിന്ന് കസ്റ്റഡിയിലെടുക്കുമ്പോൾ ആര്യൻ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മൊബൈൽ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.

ചാറ്റുകളിൽ നിന്ന് ലഹരിമരുന്ന് മാഫിയയുമായുള്ള ബന്ധം കണ്ടെത്താനുമായിട്ടില്ല.ഗൂഢാലോചനാ വാദം നിലനിൽക്കില്ലെന്നും എൻസിബി നിരീക്ഷിച്ചു.

റെയ്ഡിന്റെ വീഡിയോ പകർത്തിയിട്ടില്ല എന്നത് ഗുരുതര പിഴവായി എൻസിബി ചൂണ്ടിക്കാണിക്കുന്നു . ഒട്ടേറെ പ്രതികളിൽനിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എൻ.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ലഹരിപാർട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നതോടെയാണ് അന്വേഷണം എൻ.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്. രണ്ടുമാസത്തിനകം കേസിലെ അന്വേഷണം പൂർത്തിയാക്കി എൻ.സി.ബി. ഡയറക്ടർ ജനറൽ എസ്.എൻ. പ്രധാന് പ്രത്യേകസംഘം റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം, അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് അന്വേഷണസംഘം നിയമോപദേശം തേടുമെന്നും റിപ്പോർട്ടുകളുണ്ട്. ലഹരിമരുന്ന് കൈവശം വെച്ചിട്ടില്ലെങ്കിലും ലഹരിമരുന്ന് ഉപയോഗിച്ചതിന് ആര്യൻഖാനെതിരേ കുറ്റം ചുമത്താനാകുമോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടുക.

2021 ഒക്ടോബർ രണ്ടിനാണ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻ.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ എൻ.സി.ബി. സോണൽ ഡയറക്ടറായിരുന്ന സമീർ വാങ്കഡെയ്ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയർന്നു. ആര്യൻ ഖാനെ കേസിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു.

കേസിൽ അറസ്റ്റിലായി ജയിലിൽ പോകേണ്ടി വന്ന ആര്യൻ ഖാന് 3 ആഴ്ചകൾക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ആഡംബരക്കപ്പലിലെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയതെന്നും ബോളിവുഡില്‍ നിന്നുള്ള ആളായതുകൊണ്ട് പാര്‍ട്ടിയുടെ ഗ്ലാമര്‍ കൂട്ടാന്‍ വേണ്ടി ക്ഷണിച്ചതാകാമെന്നും ആര്യൻ കോടതിയിൽ പറഞ്ഞിരുന്നു. ആര്യനിൽനിന്ന് ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയിൽ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

Spread the love
English Summary: NCB finds no evidence against Aryan Khan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick