Categories
latest news

കസേര തെറിക്കുമെന്ന് ഉറപ്പായത്തോടെ കുറുക്ക് വഴികൾ തേടി ഇമ്രാൻ ഖാൻ : പാകിസ്താനിലെ സൈനിക താവളത്തിൽ വൻ സ്ഫോടനം

പാകിസ്താനിലെ അതിരൂക്ഷ ആഭ്യന്തര സംഘർഷങ്ങളും പണപെരുപ്പവും മൂലം പ്രധാന മന്ത്രി ഇമ്രാൻ ഖാനെതിരെ ജനരോഷവും ആവിശ്വാസ പ്രമേയവും ശക്തമായതോടെ അധികാരം നിലനിർത്താൻ കുറുക്കു വഴികൾ തേടുകയാണ് പ്രധാനമന്ത്രി.

സൈന്യത്തിന്‍റെ പിന്തുണ തേടി അധികാരത്തിൽ തുടരാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സൈനിക മേധാവി ജാവേദ് ബാജ്വയെ ഇമ്രാൻ നേരിട്ട് കണ്ട് ചർച്ച നടത്തി.

thepoliticaleditor
ഇമ്രാൻ ഖാനും ജാവേദ്ബാജ്വയും കൂടിക്കാഴ്ച നടത്തുന്നു

ഇമ്രാൻ ഖാനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ച 25 വിമതർ ഇസ്ലാമാബാദിലെ പാർലമെന്റ് മന്ദിരത്തിൽ അഭയം തേടിയിരിക്കുകയാണ്. ഇതാകട്ടെ സി‌ന്ധ് സർക്കാരിന്റെ ഭാഗവും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ നിയന്ത്രണത്തിലുമാണ്. തങ്ങളെ തട്ടിക്കൊണ്ടു പോകാൻ സാധ്യതയുള്ളതിനാലാണ് പ്രതിപക്ഷത്തിനരികിൽ അഭയം പ്രാപിച്ചത് എന്ന് വിമത എംപിമാർ പറയുന്നു.

ഇവിടേക്ക് പ്രതിഷേധവുമായി വന്ന ഇമ്രാൻ അനുകൂലികൾ മന്ദിരത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി.

സ്പീക്കറെ കയ്യിലെടുത്ത് വിമതരെ അയോഗ്യനാക്കി അധികാരത്തിൽ തുടരാനുള്ള സാധ്യതയും ഇമ്രാൻ ഖാൻ ആലോചിക്കുന്നുണ്ട്.
മാർച്ച് 21–ന് പാർലമെന്റ് സമ്മേളനം ആരംഭിക്കാനും വിമതര്‍ക്കെതിരെ സ്പീക്കറെ ഉപയോഗിച്ച് നടപടിയെടുക്കാനുമാണ് ഇമ്രാൻ ഖാന്റെ നീക്കം.

കൂറുമാറ്റ നിരോധന നിയമം നിലനിൽക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. പാർട്ടി തീരുമാനത്തിന് എതിരായി വോട്ട് ചെയ്താൽ അംഗത്വം നഷ്ടപ്പെടും എന്നതിനാൽ ഇമ്രാനെതിരെ വിമതർ വോട്ട് ചെയ്താൽ അവർ പിന്നീട് അയോഗ്യരാക്കപ്പെടും.
എന്നാൽ വോട്ട് ചെയ്യുന്നതിനു മുമ്പ് തന്നെ ഈ നിയമം പ്രയോഗിക്കാൻ കഴിയുമോ എന്നാണ് ഇമ്രാൻ ഖാൻ നോക്കുന്നത്. പാക് സുപ്രീംകോടതിയിലും ഇക്കാര്യം ഉന്നയിക്കും.

തങ്ങൾ ‘നിഷ്പക്ഷ’രാണെന്ന് സൈനിക വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ‘മനുഷ്യരായാൽ പക്ഷം പിടിക്കും, മ‍ൃഗങ്ങൾ മാത്രമേ നിഷ്പക്ഷരാവുകയുള്ളൂ’ എന്നാണ് ഇതിനോട്
ഇമ്രാൻ ഖാന്‍ ഒരു പൊതു റാലിയിൽ പ്രതികരിച്ചത്. സൈന്യം, ഇതുവരെ ഇതിനു മ‌റുപടി പറ‍ഞ്ഞിട്ടില്ല. അതിനിടെയായിരുന്നു ജനറൽ ബജ്‌വയുമായുള്ള ഇമ്രാൻ ഖാന്റെ കൂടിക്കാഴ്‌ച.

മാർച്ച് എട്ടിനാണ് നൂറോളം പ്രതിപക്ഷ എംപിമാർ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി രംഗത്തുവന്നത്.

സർക്കാരിനെ പിന്തുണയ്ക്കുന്ന എം ക്യൂ എം, പി എം എൽ ക്യൂ എന്നീ പാർട്ടികൾ ഇമ്രാൻ അധികാരമൊഴിയണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇമ്രാൻ ഖാന്റെ തന്നെ പാർട്ടിയിലെ 25 എംപിമാർ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി രണ്ട് സാധ്യതകളാണ് സംയുക്ത പ്രതിപക്ഷം മുന്നോട്ടുവെക്കുന്നത്. ഒന്നെങ്കിൽ മുൻ പ്രധാനമന്ത്രിയും പാക്കിസ്താൻ വിട്ട് വിദേശത്തേക്ക് പോവുകയും ചെയ്ത നവാസ് ഷെരീഫിന്റെ സഹോദരനും പ്രതിപക്ഷ നേതാവുമായ ഷെഹ്‌ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കി ഇടക്കാല സർക്കാർ രൂപീകരിക്കുകയും വൈകാതെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്യുക. അല്ലെങ്കില്‍ അടുത്ത അഞ്ചു വർഷത്തേക്കുള്ള സർക്കാർ രൂപീകരിക്കുക.

എന്നാൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്താനാണ് നവാസ് ഷെരീഫ് ആഗ്ര‌ഹിക്കുന്നത് എന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്ത വർഷമാണ് ഇനി പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്.

342 സീറ്റുകളുള്ള പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 172 അംഗങ്ങളുടെ പിന്തുണയാണ്. ഇമ്രാൻ ഖാന്റെ പാർട്ടിക്ക് 155 ഉം ഇമ്രാനെ പിന്തുണയ്ക്കുന്ന ചെറു പാർട്ടികൾക്ക് 24 അംഗങ്ങളുമുണ്ട്.
പ്രതിപക്ഷ പാർട്ടികൾക്ക് 162 അംഗങ്ങളാണുള്ളത്. സ്വന്തം പാർട്ടിയിലെ 25 എംപിമാർ സർക്കാരിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിൽ അവിശ്വാസം വോട്ടിനിട്ടാൽ ഇമ്രാന്റെ കസേര തെറിക്കുമെന്നത് ഉറപ്പാണ്.

പ്രധാന നഗരങ്ങളിൽ എല്ലാം പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ഈ മാസം 28 ന് തന്നെ അവിശ്വാസം വോട്ടിനിടേണ്ടി വരുമെന്നാണ് സൂചന.

പാക് സൈനിക താവളത്തിൽ വൻ സ്ഫോടനം :

വടക്കൻ പാകിസ്താനിലെ സൈന്യത്തിന്റെ സിയാല്‍ കോട്ട് സൈനിക താവളത്തില്‍ വൻ സ്ഫോടനം. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.ഇവിടെ ആയുധങ്ങൾ സംഭരിച്ചിരുന്ന ഇടത്താണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. സ്ഫോടന കാരണം വ്യക്തമല്ല.

ഒന്നിലധികം സ്ഫോടനം ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആളപായമില്ലെന്നാണ് പാകിസ്താൻ അറിയിച്ചത്. നാശനഷ്ടങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിയാല്‍കോട്ടിലെ സൈനിക താവളത്തില്‍ നിരവധി സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ടെന്ന് പാകിസ്ഥാന്‍ ദിനപത്രമായ ഡെയ്ലി മിലാപ്പിന്റെ എഡിറ്റര്‍ ഋഷി സൂരി ട്വീറ്റ് ചെയ്തു.

പാക്കിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ കന്റോണ്‍മെന്റ് ഏരിയയാണ് സിയാല്‍കോട്ട് കാന്റ് പ്രദേശം. 1852-ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയാണ് ഇത് സ്ഥാപിച്ചത്.

Spread the love
English Summary: imran khan finds alternatives to hold his chair

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick