Categories
kerala

കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ മയക്ക്‌ മരുന്ന് വേട്ട : മുഖ്യപ്രതി പിടിയിൽ… പിടിച്ചെടുത്തവയിൽ കൊക്കെയ്നുമുണ്ടായിരുന്നെന്ന് പ്രതി

ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ കണ്ണൂരില്‍ പിടികൂടിയ ദമ്പതികളുടെ കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. കണ്ണൂര്‍ തെക്കി ബസാര്‍ നിസാം അബ്ദുല്‍ ഗഫൂര്‍ (35) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം ഹൊസങ്കിടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ നേരത്തെ പിടിയിലായ ബൽക്കീസിന്റെ സഹോദരൻ ആണിയാൾ.

പോലീസ് പിടിച്ചെടുത്ത പാർസലിൽ കൊക്കെയ്നുമുണ്ടെന്നാണ് പ്രതി നിസാം മൊഴി നൽകിയത്. ഇതോടെ, പാർസൽ ഓഫീസിൽ നിന്നും ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്ത ബ്രൗൺ ഷുഗർ എന്ന് കരുതപ്പെടുന്ന വസ്തു രാജ്യാന്തര വിപണിയിൽ വൻ വിലയുള്ള കൊക്കെയ്ൻ ആണെന്നുള്ള നിഗമനത്തിലാണ് പോലീസ്. രാസ പരിശോധനയ്ക്ക് ശേഷമേ ഇതിൽ വ്യക്തത വരികയുള്ളൂ.

thepoliticaleditor

ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപന ഉടമയും ബൽക്കീസിന്റെ അടുത്ത ബന്ധുവുമായ തയ്യിൽ മരക്കാർകണ്ടി കരീലകത്ത് ജനീസ് ഒളിവിലാണ്. പാർസലുകൾ കൈപ്പറ്റി ചെറുപൊതികളിലാക്കി ബൽക്കീസിനെ ഏല്പിക്കുന്നതായിരുന്നു ജനീസിന്റെ ചുമതലയെന്ന് നിസാം മൊഴി നൽകിയിട്ടുണ്ട്. ഇതിനായി 15,000 രൂപ ജനീസിന് പ്രതിഫലം നൽകിയിരുന്നുവെന്നും നിസാംമിന്റെ മൊഴിയിൽ പറയുന്നു.

നിസാമിന്റെ ബാങ്ക് അക്കൗണ്ടിൽ ദുരൂഹമായ പണമിടപാട് സ്പെഷ്യൽ ബ്രാഞ്ച് ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് എടക്കാട് പാതയോരത്ത് സ്ത്രീ എംഡിഎംഎ പൊതി ഉപേക്ഷിച്ച് പോയ സംഭവം ഉണ്ടായത്. സ്ത്രീ ഉപയോഗിച്ച വാഹനം കണ്ടെത്തിയെങ്കിലും വാടക വീടുകൾ മാറി മാറി കഴിയുന്നതിനാൽ ബൽക്കീസിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീടാണ് ബാൽക്കീസിനെ കണ്ടെത്തി പിന്തുടർന്ന് ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട പോലീസ് നടത്തിയത്. സംഘത്തലവൻ നിസാം ആണെന്ന് ബൽക്കീസ് മൊഴി നൽകിയിരുന്നു.

പ്രതിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചിട്ടുണ്ട്. ഓരോ മാസവും പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു കോടിക്ക് മുകളിലുള്ള പണമിപാടുകള്‍ നടക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.

നേരത്തെ ബംഗളൂരുവില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ നിസാം ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബല്‍ക്കീസ്, അഫ്‌സല്‍ എന്നിവരെ എംഡിഎംഎ മയക്കുമരുന്നുമായി പിടികൂടിയ വാര്‍ത്ത വന്നതിനുശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു നിസാം അബ്ദുല്‍ ഗഫൂര്‍. കണ്ണൂരിലെ മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെ ഏഴ് കേസുകള്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി പ്രതിക്കെതിരെ നിലവിലുണ്ട്.

തെക്കീ ബസാറിലെ പാർസൽ ഓഫീസിൽ നിന്ന് ഈ മാസം എഴിനാണ് ബംഗ്ലൂരുവിൽ നിന്നെത്തിച്ച എംഡിഎംഎ, ഒപിയം അടക്കമുള്ള ലഹരി മരുന്നുകൾ ഉൾപ്പടെ അഫ്സലും ഭാര്യ ബൽക്കീസും പിടിയിലായത്.
ലഹരി മരുന്നുകൾ ചെറു പൊതികളാക്കുന്ന പടന്നപ്പാലത്തെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിൽ ഈ മാസം 11 ന് പോലീസ് നടത്തിയ പരിശോധനയിൽ വലിയ അളവിൽ ബ്രൗൺ ഷുഗർ, എൽഎസ് ഡി സ്റ്റാമ്പുകൾ തുടങ്ങിയ മാരക ലഹരി മരുന്നുകൾ കണ്ടെത്തിയിരുന്നു. ഈ രണ്ട് കേസിലും എടക്കാട് റോഡരികിൽ എംഡിഎംഎ പൊതി കണ്ടെത്തിയടക്കമുള്ള 5 ലഹരി മരുന്ന് കേസുകളിലും നിസാമിനെ പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു.

Spread the love
English Summary: chief accused in kannur drug dealing case arrested

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick