സിപി എം 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രാജ്യാന്തര ഓൺലൈൻ ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. പ്രശസ്ത ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ നാല് വരെ അഞ്ച് ദിവസങ്ങളിലായി 20 ചിത്രങ്ങളാണ് പീപ്പിൾസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക. peoplesfilmfestival.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് പ്രദർശനം. ഓരോദിവസവും നാല് പുതിയ ചിത്രങ്ങൾ സിനിമാസ്വാദകർക്കായി വെബ്സൈറ്റിൽ ലഭ്യമാക്കും. വെള്ളിയാഴ്‌ച റോക്കറ്റ്, വിസാരാണെ, ചെ: പാർട്ട് 2, അവർ ഒഫ് ഫർണസ് എന്നീ ചിത്രങ്ങൾ കാണാം.
പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ കെൻ ലോച്ചിന്റെ ‘സോറി വി മിസ്ഡ് യു’ ആയിരുന്നു ഉദ്ഘാടനചിത്രം. അമേരിക്കൻ സംവിധായകനായ സ്റ്റീവൻ സോഡർബർഗ് ചെഗുവേരയുടെ ജീവിതത്തെ ആസ്പദമാക്കി 2008ൽ സംവിധാനം ചെയ്ത ചെ: പാർട്ട് വൺ, ഓസ്കാർ പുരസ്കാരം നേടിയ ജോജോ റാബിറ്റ്, നാഗരാജ് മഞ്ജുളെയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയപുര്സകാരം നേടിക്കൊടുത്ത മറാത്തി ചിത്രം ഫാൻഡ്രി എന്നിവയാണ് ആദ്യ ദിനം പ്രദർശിപ്പിച്ച മറ്റു ചിത്രങ്ങൾ.
ഉദ്ഘാടനച്ചടങ്ങിൽ സിപി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. മീഡിയാ ക്രിയേറ്റീവ് സബ് കമ്മിറ്റി ചെയർമാൻ ഷെറി ഗോവിന്ദൻ സ്വാഗതവും പി സന്തോഷ് നന്ദിയും പറഞ്ഞു.














