കേന്ദ്രസര്‍ക്കാര്‍ നടത്തിയ മല്‍സരത്തില്‍ വിജയിച്ച് ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്സോ ഫ്റ്റ്വെയറായി മാറിയ, ആലപ്പുഴക്കാരന്റെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിങ് ആപ് കേരളസര്‍ക്കാര്‍ വാങ്ങുന്നു. ഇതിനായി മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സൂം ആപിനു പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത “വി കണ്‍സോള്‍” ആപ് ആണ് കേരളം വാങ്ങുന്നത്. സൂമിന് പകരമായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ച ആപ് ആണ് വി കണ്‍സോള്‍. കേന്ദ്രസര്‍ക്കാര്‍ 2020-ല്‍ നടത്തിയ ഇന്നവേഷന്‍ ചാലഞ്ചില്‍ 12000-ത്തിലേറെ കമ്പനികളെ പിന്തള്ളിയാണ് ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌ജെന്‍ഷ്യ കമ്പനി വികസിപ്പിച്ച വി കണ്‍സോള്‍ മുന്നിലെത്തുകയും ഒരു കോടി രൂപയുടെ സമ്മാനവും മൂന്നു വര്‍ഷത്തെ കരാറും നേടുകയും ചെയ്‌തത്.
ആലപ്പുഴ സ്വദേശി ജോയ് സെബാസ്‌റ്റിയന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് ടെക്‌ജെന്‍ഷ്യ.

നിലവിൽ രാജ്യത്ത് സൂം ആപ്പാണ് വീഡിയോ കോൺഫ്രൻസിങ്ങിനായി പ്രധാനമായും ഉപയോഗിച്ചിരുന്നത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ആരോപിക്കപ്പെട്ടതോടെയാണ് സ്വന്തമായി സോഫ്റ്റ്വെയർ നിർമ്മിക്കാൻ കേന്ദ്രം പദ്ധതിയിട്ടത്. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് കേന്ദ്രം ‘ഇന്നൊവേഷൻ ചലഞ്ച്’ പ്രഖ്യാപിച്ചത്.














