സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളുടെ പൊതു പ്ലാറ്റ് ഫോറം ആയ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി സെക്രട്ടറിയായ എളമരം കരീം എം.പിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്തെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി നാളെ തിരുവനന്തപുരം ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാർച്ച് ചെയ്യും. വിനു വി ജോണിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ ആര്‍. ചന്ദ്രശേഖരനും, എളമരം കരീമും കെ.പി രാജേന്ദ്രനുമാണ് രംഗത്തെത്തിയിരിക്കുന്നത്.
സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ ഇന്നലെ രാത്രി ന്യൂസ് അവറിൽ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്കിയ തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് ട്രേഡ് യൂണിയനുകൾ ആരോപിക്കുന്നത്.
ചര്‍ച്ചയിൽ ആങ്കർ ആയിരുന്ന വിനു വി ജോണ്‍ പണിമുടക്കിയ തൊഴിലാളികളെ അടച്ച് മോശമായി ആക്ഷേപിക്കുകയും സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ സഖാവ് ഏളമരം കരിമിനെ അപകീര്‍ത്തിപ്പെടുത്തുകയും പണിമുടക്ക് ദിവസം എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് വിനു ന്യൂസ് അവറില്‍ ചോദിച്ചിരുന്നു.
ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണെന്നാണ് ട്രേഡ് യൂണിയനുകള്‍ ആരോപിച്ചിരിക്കുന്നത്. തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നല്‍കിയില്ല. നേതാക്കളെ ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനല്‍ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധക്കുന്നുവെന്നും സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.














