• Home
  • kerala
  • സര്‍ക്കാരിന്റെ ഒളിച്ചുകളിക്കെതിരെ തുറന്നു വിമര്‍ശിച്ച്‌ പ്രശസ്‌ത താരം പാര്‍വ്വതി തിരുവോത്ത്‌
Image

സര്‍ക്കാരിന്റെ ഒളിച്ചുകളിക്കെതിരെ തുറന്നു വിമര്‍ശിച്ച്‌ പ്രശസ്‌ത താരം പാര്‍വ്വതി തിരുവോത്ത്‌

സിനിമാ മേഖലയിലെ സ്‌ത്രീപീഢനങ്ങള്‍ സംബന്ധിച്ച്‌ ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി രേഖപ്പെടുത്തിയ കാര്യങ്ങള്‍ പുറത്തു വന്നാല്‍ ഒട്ടേറെ മാന്യ വിഗ്രഹങ്ങള്‍ തകര്‍ന്നു തരിപ്പണമാകുമെന്ന്‌ സിനിമയിലെ വിമന്‍സ്‌ കളക്ടീവ്‌ പ്രവര്‍ത്തകയും പ്രശസ്‌ത നടിയുമായ പാര്‍വ്വതി തിരുവോത്ത്‌. കരുത്തരുടെ ഇടപെടല്‍ മൂലമാണ്‌ റിപ്പോര്‍ട്ട്‌ പുറത്തു വരാത്തതെന്നും തന്നെയും നിശ്ശബ്ദയാക്കാന്‍ ശ്രമിച്ചെന്നും പാര്‍വ്വതി തിരുവനന്തപുരം സൂര്യ ഫെസ്റ്റില്‍ സംസാരിക്കവേ തുറന്നു പറഞ്ഞു. ഒരു സമിതിയുടെ കണ്ടെത്തലുകളെക്കുറിച്ച്‌ പഠിക്കാന്‍ വീണ്ടും പല സമിതികളുണ്ടാക്കി നീട്ടിക്കൊണ്ടു പോകുകയാണ്‌ സര്‍ക്കാര്‍ എന്നും പാര്‍വ്വതി വിമര്‍ശിച്ചു.

ഹേമ കമ്മിറ്റിയുടെ കാര്യമെടുത്താല്‍ ആദ്യം ഒരു കമ്മിറ്റി വരുന്നു. വീണ്ടും മറ്റൊരു കമ്മിറ്റി വരുന്നു. ഈ കമ്മിറ്റി പഠിച്ചതൊക്കെ പഠിക്കാന്‍ വീണ്ടും മറ്റൊരു കമ്മിറ്റി വരുന്നു. തെരഞ്ഞെടുപ്പ് സമയം വരെ ഒന്ന് കാത്തിരുന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊക്കെ വളരെ പെട്ടെന്ന് പുറത്തുവരുമെന്നാണ് തോന്നുന്നതെന്ന് പാര്‍വതി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം സ്ത്രീസൗഹൃദ സര്‍ക്കാരായി ഇത് മാറും. ആ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ നമ്മള്‍ ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയും. അവരുടെ ഈഗോകളും പവര്‍ പൊസിഷനുകളുമാണ് അവര്‍ക്ക് പ്രധാനം, പാര്‍വതി പറഞ്ഞു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ രാജ്യത്ത് ആദ്യമായാണ് ഒരു കമ്മിറ്റി ഉണ്ടാക്കിയത്. റിപ്പോര്‍ട്ട് നല്‍കി രണ്ട് വര്‍ഷമായിട്ടും ആ റിപ്പോര്‍ട്ട് വീണ്ടും പഠിക്കാന്‍ സമിതിയെ വെച്ച സര്‍ക്കാര്‍ നടപടി ആരെയൊക്കെയോ സംരക്ഷിക്കാനാണെന്ന വിമര്‍ശനമാണ് ശക്തമാകുന്നത്- പാർവതി പറഞ്ഞു.

ചലചിത്രമേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നില്ലെന്നും എന്തുകൊണ്ട് റിപ്പോര്‍ട്ടിന്‍മേല്‍ നടപടി എടുക്കുന്നില്ല എന്നും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ രൂപീകരിച്ചത് കമ്മീഷനല്ല, കമ്മിറ്റിയാണെന്നും, അതിനാല്‍ത്തന്നെ നിയമസഭയില്‍ വയ്ക്കാന്‍ ബാധ്യതയില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. മാത്രമല്ല, നിലവിലുള്ള റിപ്പോര്‍ട്ട് പഠിക്കാന്‍ മറ്റൊരു സമിതിയെ നിയോഗിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *