സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് ശമ്പളത്തോടു കൂടിയ അവധി പോലെയാകുന്നതിനെതിരെ കേരള ഹൈക്കോടതി ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ ശക്തമായ നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന് സര്‍വ്വീസ് ചട്ടങ്ങളില്‍ ഉണ്ട്. സമരം തടഞ്ഞ് ഉടനെ ഉത്തരവ് ഇറക്കണം-ഹൈക്കോടതി ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടൽ. ഇന്നും നാളെയും അവധിയെടുക്കുന്ന ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള ലീവായി കണക്കാക്കാനാണ് സർക്കാർ നീക്കം. ഇത് നിയമവിരുദ്ധമാണെന്നും തടയണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
പൊതുപണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് വെറും 32 ജീവനക്കാർ മാത്രമായിരുന്നു. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ 4,828 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കില്‍ ഭരണ-പ്രതിപക്ഷ സംഘടനകളെല്ലാം ഒരുമിച്ചാണ്. ബി.ജെ.പി.യുടെ യൂണിയനുകള്‍ മാത്രമാണ് പണിമുടക്കില്‍ നിസ്സഹകരിക്കുന്നത്.














