• Home
  • kerala
  • മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ(72) അന്തരിച്ചു .കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം . കോഴിക്കോട് ചെങ്കളത്ത് പുഷ്പയാണ് ഭാര്യ. മകൾ: ചാരുലേഖ.

മാതൃഭൂമി ദിനപത്രത്തില്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്നു. മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1982-ലാണ് അദ്ദേഹം മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ചേരുന്നത്. പാലക്കാട്‌ സ്വദേശിയായ സഹദേവന്‍ സ്ഥിരതാമസമാക്കിയത്‌ കോഴിക്കോടായിരുന്നു. പിന്നീട്‌ 2003-ൽ ഇന്ത്യാവിഷൻ തുടങ്ങുമ്പോൾ പ്രോഗ്രാം കൺസൽട്ടന്റായി ദൃശ്യമാധ്യമരംഗത്തേക്ക് ചുവടുവച്ചു. ഇന്ത്യാവിഷനില്‍ ചലച്ചിത്ര നിരൂപകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായി. 24 ഫ്രെയിംസ്‌ എന്ന പേരില്‍ ലോകസിനിമകളെ പരിചയപ്പെടുത്തുന്ന സഹദേവന്റെ പരിപാടി ഏറെ വിജ്ഞാനപ്രദമായിരുന്നു. പിന്നീട്‌ മലയാള മനോരമയുടെ മീഡിയ സ്‌കൂളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനിൽ അധ്യാപകനായിരുന്നു.

1996-ലെ പാമ്പൻ മാധവൻ പുരസ്കാരം ലഭിച്ചു. 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡും ടെലിവിഷൻ ചേംബറിന്റെ അവാർഡും ലഭിച്ചിട്ടുണ്ട് . ചെറുകഥാകൃത്തു കൂടിയായ സഹദേവൻ കാണാതായ കഥകൾ എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി അനുശോചിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിനിമ നിരൂപകനും അധ്യാപകനുമായ എ സഹദേവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

മാധ്യമപ്രവർത്തകരിലെ ബഹുമുഖ പ്രതിഭയായിരുന്നു എ സഹദേവൻ. പത്രമാധ്യത്തിൽ തുടങ്ങി ദൃശ്യമാധ്യമങ്ങളിലും അതിന്റെ ആധുനിക രൂപമായ ഓൺലൈൻ മാധ്യമങ്ങളിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ പത്ര പ്രവർത്തന മേഖല വിപുലമായിരുന്നു. കായിക, സിനിമാ വാർത്തകൾ കൈകാര്യം ചെയ്യുന്നതിലും വിശകലനത്തിലും വളരെ ശ്രദ്ധേയമായ ഇടപെടലാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

ജേർണലിസം അധ്യാപകൻ എന്ന നിലയിൽ വിദ്യാർഥികൾക്ക് വഴികാട്ടിയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമപ്രവർത്തകരിൽ വേറിട്ടുനിൽക്കുന്ന സഹദേവന്റെ വിയോഗം മാധ്യമരംഗത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *