പ്രാദേശിക തൃണമൂൽ കോൺഗ്രസിന്റെ കൊലപാതകത്തിന് പ്രതികാരമായി 8 പേർ കൊല്ലപ്പെട്ട പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലുണ്ടായ കൂട്ടക്കൊല അക്രമ സംഭവങ്ങളുടെ അന്വേഷണം സി ബി ഐ ക്കു കൈമാറാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. നീതിന്യായ താൽപര്യവും കേസിന്റെ സാഹചര്യവും പരിഗണിച്ച് ഇപ്പോൾ നടക്കുന്ന അന്വേഷണം സിബിഐക്ക് വിടണമെന്ന് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയും ജസ്റ്റിസ് രാജർഷി ഭരദ്വാജും അടങ്ങുന്ന ബെഞ്ച് വെള്ളിയാഴ്ച നിർദേശിച്ചു . സാഹചര്യത്തെളിവുകളും സംഭവത്തിന്റെ ആഘാതവും സൂചിപ്പിക്കുന്നത് സംസ്ഥാന പോലീസിന് കേസ് അന്വേഷിക്കാനാകില്ലെന്നാണ്–കോടതി പറഞ്ഞു. അന്വേഷണം സിബിഐക്ക് കൈമാറാൻ ഞങ്ങൾ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കുന്നു. അന്വേഷണം നടത്തുന്നതിന് സിബിഐയോട് പൂർണ്ണ സഹകരണം നൽകാനും ഞങ്ങൾ സംസ്ഥാന അധികാരികളോട് നിർദ്ദേശിക്കുന്നു– ബെഞ്ച് പറഞ്ഞു.
അടുത്ത വാദം കേൾക്കുന്ന തീയതിയിൽ അതായത് ഏപ്രിൽ 7 ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് നിർദ്ദേശിച്ചിട്ടുണ്ട്. അപ്പീൽ ഫയൽ ചെയ്യാൻ അനുവദിക്കുന്നതിനായി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ അപേക്ഷയും കോടതി നിരസിച്ചു.













