സംസ്ഥാനത്തെ ഏറ്റവും ശുചിത്വമുള്ള നാടായി ആന്തൂരിനെ മാറ്റിത്തീര്‍ക്കാന്‍ നഗരസഭ ആസൂത്രണം ചെയ്‌ത പദ്ധതിക്ക് ലോക ഭൗമദിനത്തില്‍ തുടക്കമായി. മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും എന്ന വിലാപം ഒരിക്കലും ഉയരാതിരിക്കാന്‍ ജനകീയ ഭരണകൂടത്തിന്റെ കൈത്തിരിനാളമായ് മാറുകയാണ് തെളിനീര്‍ ഒഴുകും നവകേരളം എന്ന ക്യാമ്പയിന്‍.

ജലസമൃദ്ധമായ പറശ്ശിനിപ്പുഴയുടെ നരിയാടി മുതൽ കമ്പിൽ കടവ് വരെ യുള്ള തീരഭാഗം ശുചീകരിച്ചുകൊണ്ടാണ് ഒരു വര്‍ഷം നീളുന്ന ക്യാമ്പയിന് തുടക്കമിട്ടത്. തെളിനീര്‍ തീരം പുല്‍കിയൊഴുകുന്ന പറശ്ശിനിപ്പുഴ മലിനരഹിതമായി ഒഴുകട്ടെ എന്ന ഭാവിയുടെ മുദ്രാവാക്യം നഗരസഭ ഏറ്റെടുക്കുകയാണ്.

ആന്തൂർ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ സതീദേവിയുടെ അധ്യക്ഷതയിൽ ചെയർമാൻ സ . പി.മുകുന്ദൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ആന്തൂർ മുനിസിപ്പാലിറ്റി പ്രദേശത്തുള്ള മുഴുവൻ ജലാശയങ്ങളും പുഴകളും തോടുകളും മാലിന്യമുക്തമാക്കുക എന്നതാണ് ഈ ക്യാംപെയിൻ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് പി.മുകുന്ദൻ പറഞ്ഞു.

.ആന്തൂർ കൃഷി ഓഫീസർ വിനോദ് കുമാർ, നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.പ്രേമരാജൻ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുഞ്ഞി സിപിഎം ഏരിയാ കമ്മിറ്റി അംഗം എം വി ജനാർദ്ദനൻ, സി.പി.എം. ആന്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പ്രേമരാജന്‍കൗൺസിലർമാരായ ജയശ്രീ, റീന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തീരത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം പറശ്ശിനിയിൽ നിന്നും ബോട്ട് യാത്രയും സംഘടിപ്പിച്ചു. പാമ്പുരുത്തി തുരുത്ത് ,പാപ്പിനിശ്ശേരി തുരുത്ത് എന്നിവ സന്ദർശിച്ചു.കൗൺസിലർമാർ, മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ,ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, നഗരസഭാ ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ ചേര്‍ന്ന് ഉല്‍സവച്ഛായ പകര്‍ന്ന കൂട്ടായ്‌മയാണ് ശുചീകരണം സാധ്യമാക്കിയത്. പരിപാടിക്ക് ലഭിച്ച ജനകീയ സ്വീകാര്യത നാളെയുടെ തെളിനീര്‍ ഞരമ്പുകളായി നമ്മുടെ പുഴകളെയും തോടുകളെയും മാറ്റുമെന്ന സന്ദേശത്തിന്റെ സൂചനയായി.














