വിവാദ സിനിമ ദി കാശ്‌മീര്‍ ഫയല്‍സ് പ്രദര്‍ശനത്തിനെത്തുന്നതോടെ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജസ്ഥാനിലെ കോട്ടയില്‍ ഏപ്രില്‍ 21 വരെ പൊലീസ് വകുപ്പ് 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിനിമയ്‌ക്ക് വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നും അവര്‍ അക്രമാസക്തരാകുമെന്നുമുള്ള കണക്കുകൂട്ടലാണ് പൊലീസിന്.
കാശ്‌മീരി പണ്ഡിറ്റുകളുടെ പലായനവും കാശ്‌മീരിലെ തീവ്രവാദ ഭീഷണിയും മുസ്ലീങ്ങള്‍ക്കെതിരെ സിനിമ ഉയര്‍ത്തുന്ന വൈകാരിക ധ്വനികളുമെല്ലാം ചേര്‍ന്ന് മാര്‍ച്ച് 11-ന് റിലീസ് ചെയ്‌ത സിനിമ വലിയ വിവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്.
സംഘപരിവാറിന്റെ കാശ്‌മീര്‍ അജണ്ടയുടെ അനുരണനങ്ങള്‍ നിറഞ്ഞ സിനിമയ്‌ക്ക് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതിയിളവുകള്‍ നല്‍കുകയും ചിലയിടത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സിനിമ കാണാനായി അവധി നല്‍കുകയും വരെ ചെയ്‌തു. ഒരാഴ്‌ചയ്‌ക്കകം സിനിമ ബോക്‌സ്‌ഓഫീസ് ഹിറ്റായി മാറി. എട്ടു ദിവസം കൊണ്ട് 100 കോടി കവിഞ്ഞ വരുമാനം ഇപ്പോള്‍ 125 കോടിയിലെത്തിയതായാണ് റിപ്പോര്‍ട്ട്. 145 കോടി ഗ്രോസ് കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച് സീ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ‘ദി കാശ്മീർ ഫയൽസ്’ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ ആസൂത്രിതമായി കൊലപ്പെടുത്തിയതിനെത്തുടർന്ന് കശ്മീരിൽ നിന്നുള്ള ഹിന്ദുക്കളുടെ പലായനം ചിത്രീകരിക്കുന്ന സിനിമയാണ്. എന്നാൽ ഇത് തീർത്തും ഏക പക്ഷീയമായി മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന സിനിമയാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിരിക്കുന്നു.
കാശ്‌മീരില്‍ 400-ഓളം ഹിന്ദുക്കളെ ഭീകരര്‍ വധിച്ചപ്പോള്‍ ഇതേ കാലയളവില്‍ 5000-ഓളം മുസ്ലീങ്ങളെയും വധിച്ചിരുന്നു എന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. ഭീകരതയ്‌ക്ക് മതമില്ല എന്ന സന്ദേശം നല്‍കാനല്ല പകരം മുസ്ലീങ്ങളെ ആകെ ഭീകരവാദികളാണെന്ന സന്ദേശം നല്‍കുന്ന വൈകാരികതയാണ് സിനിമയില്‍ ശ്രമിച്ചിരിക്കുന്നതെന്ന ആരോപണം നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള പാര്‍ടികള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഗുജറാത്തിലും രാജസ്ഥാനിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് ബിജെപി ‘ദികശ്മീർ ഫയൽസ് ’സിനിമയെ പ്രചരിപ്പിക്കുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത് ആരോപിച്ചു. ശിവസേന മുഖപത്രമായ ‘സാമ്‌ന’യിലെ തന്റെ പ്രതിവാര കോളത്തിലാണ് കശ്മീരിൽ കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളെ കശ്മീരിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ബിജെപിയുടെ വാഗ്ദാനമാണെന്നും എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും അത് സംഭവിച്ചില്ലെന്നും റാവുത്ത് പറഞ്ഞു. അത് ആരുടെ പരാജയമായിരുന്നു എന്ന് റാവുത്ത് ചോദിച്ചു. ചിത്രത്തിന്റെ പ്രധാന പ്രൊമോട്ടർ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും റാവുത്ത് പറഞ്ഞു.













