നാലാം തരംഗ ഭീതിയിലേക്ക് ലോകം നീങ്ങുന്നതിന്റെ സൂചനകള്‍. യൂറോപ്യന്‍ രാജ്യങ്ങളിലും, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ഏഷ്യയിലെ പല ഭാഗങ്ങളിലും ഒമിക്രോണ്‍ ബിഎ-2 വകഭേദം കുത്തനെ ഉയരുകയാണ്. ഇന്ത്യയില്‍ നാലാം തരംഗത്തിന്റെ പ്രഭവ കേന്ദ്രമായി ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് മറ്റ് മൂന്നു തരംഗത്തിന്റെയും പ്രധാന ബാധിതകേന്ദ്രമായ മഹാരാഷ്ട്രയിലും മുംബൈയിലുമാണ്. അതു കൊണ്ടുതന്നെ മഹാരാഷ്ട്ര കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ക്കശമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് രേഖാമൂലം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
“യൂറോപ്യൻ രാജ്യങ്ങളിലും ദക്ഷിണ കൊറിയയിലും ചൈനയിലും ഉടനീളം കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ജാഗ്രത പാലിക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് കത്ത് ലഭിച്ചു. അതനുസരിച്ച്, ജാഗ്രത പാലിക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ആരോഗ്യവകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി”–മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യ ജൂണിൽ അടുത്ത തരംഗത്തിന് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്നും അടുത്ത 4 മാസത്തേക്ക് ഇത് തുടരുമെന്നും ഏതാനും ആഴ്ചകൾക്ക് മുമ്പ് കാൺപൂർ ഐഐടി ടീം പ്രവചിച്ചിരുന്നു.













