ഭര്‍ത്താവ് ജീവനൊടുക്കിയ വിവരം അറിഞ്ഞ് പുറപ്പെട്ട യുവതിയും സഹോദരിയും കാര്‍ തട്ടി മരിച്ചു. തിരുവനന്തപുരം പനത്തുറ ജി.ജി കോളനിയില്‍ താമസിക്കുന്ന ഐശ്വര്യ( 32), ഇവരുടെ സഹോദരി ശാരിമോള്‍ ( 31)എന്നിവരാണ് മരിച്ചത്. വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു.
ഐശ്വര്യയുടെ ഭര്‍ത്താവ് ശ്രീജി വീട്ടില്‍ തൂങ്ങി മരിച്ചുവെന്നറിഞ്ഞായിരുന്നു ഐശ്വര്യയും ശാരിമോളും നെടുമങ്ങാട്ടുള്ള വീട്ടിലേക്കു പോകാന്‍ ബസ് കയറാനായി ബൈപ്പാസിലെത്തിയത്. അപ്പോഴാണ് അപകടം സംഭവിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി 9.30 ഓടെ വാഴമുട്ടം ബൈപ്പാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്താണ് സംഭവമുണ്ടായത്. കോവളം ഭാഗത്ത് നിന്നും തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.














