കൊടുങ്ങല്ലൂരിൽ വസ്ത്ര വ്യാപാരിയായ യുവതിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏറിയാട് ചൈതന്യ നഗർ കസ്തൂരി കോവിലിനു വടക്കുവശമുള്ല ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. റിൻസിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ റിയാസിനായി പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ഇന്ന് രാവിലെയോടെ റിയാസിനെ മരിച്ചനിലയില്‍ കണ്ടത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് റിൻസിയെ റിയാസ് കൊലപ്പെടുത്തിയത്. വീടിന്റെ സമീപത്തുള്ള സ്കൂൾ ജംഗ്ഷനിൽ നടത്തിവന്നിരുന്ന നിറക്കൂട്ട് എന്ന റെഡിമെയ്ഡ് വസ്ത്ര സ്ഥാപനം പൂട്ടി അഞ്ചും പത്തും വയസുള്ള മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴിയാണ് റിൻസിയെ റിയാസ് ആക്രമിച്ചത്. ആളൊഴിഞ്ഞ ഭാഗത്ത് സ്കൂട്ടർ തടഞ്ഞു നിറുത്തി റിയാസ് വെട്ടുകയായിരുന്നു.














