• Home
  • kerala
  • പുട്ട്‌ ബന്ധങ്ങളെ തകര്‍ക്കും…!! മൂന്നാം ക്ലാസുകാരന്റെ നിഷ്‌കളങ്ക നിരീക്ഷണം വൈറലായി

പുട്ട്‌ ബന്ധങ്ങളെ തകര്‍ക്കും…!! മൂന്നാം ക്ലാസുകാരന്റെ നിഷ്‌കളങ്ക നിരീക്ഷണം വൈറലായി

കേരളത്തിനു പുറത്ത്‌ താമസിക്കുന്ന മലയാളിയായ കുട്ടി സ്വന്തം അമ്മയെ നൈസായി ട്രോളിക്കൊണ്ട്‌ പരീക്ഷാപേപ്പറില്‍ എഴുതിയ കുറിപ്പ്‌ വൈറലായി. പ്രഭാത ഭക്ഷണമായ പുട്ടിനെക്കുറിച്ചാണ്‌ കുട്ടി എഴുതിയത്‌. എളുപ്പം ഉണ്ടാക്കാന്‍ കഴിയുന്ന പ്രഭാത ഭക്ഷണമായതിനാല്‍ അമ്മ എന്നും പുട്ടുണ്ടാക്കുന്നത്‌ എങ്ങിനെയാണ്‌ താനും അമ്മയും തമ്മിലുള്ള ബന്ധം വഷളാക്കുന്നതെന്ന്‌ ഈ എട്ടുവയസ്സുകാരന്‍ വിദ്യാര്‍ഥി സരസമായി വിവരിച്ചിരിക്കുന്നു.

ദിവസവും രാവിലെ പുട്ടുകഴിച്ച് മടുത്ത ബെംഗളൂരൂ ഇലക്ട്രോണിക്‌സ് സിറ്റിയിലെ എസ്.എഫ്.എസ്. അക്കാദമി മൂന്നാംക്ലാസ് വിദ്യാര്‍ഥി ജയിസ് ജോസഫിന്റെ ഉത്തരക്കടലാസാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായത്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്-ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ്.

‘എനിക്കിഷ്ടമില്ലാത്ത ഭക്ഷണം’ എന്ന വിഷയത്തില്‍ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാപരീക്ഷയിലെ നിര്‍ദേശം. ‘എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്’ എന്നുതുടങ്ങുന്ന ഉത്തരത്തില്‍ കുട്ടി ഇങ്ങനെ കുറിച്ചു.
‘കേരളീയഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതിനാല്‍ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചുമിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അതോടെ ഞാന്‍ പട്ടിണികിടക്കും. അതിന് അമ്മ എന്നെ വഴക്കുപറയുമ്പോള്‍ എനിക്ക് കരച്ചില്‍വരും. പുട്ട് ബന്ധങ്ങളെ തകര്‍ക്കും’ എന്നുപറഞ്ഞാണ് കുഞ്ഞ് ജയിസ് കുറിപ്പ് അവസാനിക്കുന്നത്.

‘എക്‌സലന്റ്’ എന്നാണ് രസകരമായ ഈ ഉത്തരത്തെ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *