• Home
  • kerala
  • മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവാദമില്ലാതെ നാലു പേർ സന്ദർശിച്ചത് വിവാദമാകുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവാദമില്ലാതെ നാലു പേർ സന്ദർശിച്ചത് വിവാദമാകുന്നു

ജനപ്രതിനിധികൾക്ക് പോലും പ്രവേശന വിലക്കുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പം മലയാളികളായ നാല് പേര്‍ എത്തിയ സംഭവം വിവാദത്തില്‍. ഇടുക്കി എംപിയെപ്പോലും മുമ്പ് തടഞ്ഞ കേരള പോലീസ് ഈ നാലു പേരെയും അകത്തേക്ക് കടത്തി വിട്ടത് വലിയ വീഴ്ചയായി ആരോപിക്കപ്പെടുകയാണ്. വിവാദമായപ്പോള്‍ നാല് പേര്‍ക്കെതിരേയും മുല്ലപ്പെരിയാര്‍ പോലീസ്കേസെടുത്തു. മൂന്ന്‌ വിരമിച്ച പോലീസുദ്യോഗസ്ഥരും ഒരു ബന്ധുവുമാണ്‌ അനുവാദമില്ലാതെ യാത്ര ചെയ്‌തത്‌ എന്ന്‌ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പമാണ് കുമളി സ്വദേശികളായ നാല് പേര്‍ ഡാമിലെത്തിയത്. തമിഴ്നാടിന്റെ ബോട്ടിലായിരുന്നു യാത്ര. കേരള പോലീസിലെ റിട്ട. എസ്ഐമാരായ റഹീം, അബ്ദുള്‍ സലാം, ന്യൂദല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ്, മകന്‍ വര്‍ഗീസ് ജോണ്‍ എന്നിവരാണ് അനധികൃതമായി ഡാമിലെത്തിയത്.

ഡാമിലേക്ക് ഉദ്യോഗസ്ഥര്‍ തന്നെ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ അറിയിക്കണമെന്നാണ് നിയമം. പരിശോധന കൂടാതെ ഇവരെ കടത്തി വിട്ടു എന്നതാണ് മുല്ലപ്പെരിയാര്‍ പോലീസിന്റെ ഗുരുതര വീഴ്ചയ്ക്ക് കാരണം. തമിഴ്നാട് സംഘമെന്ന് തെറ്റിദ്ധരിച്ചാണെന്ന വാദം ഉയര്‍ത്തിയാലും എന്തുകൊണ്ട് ജിഡി രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തിയില്ലെന്ന ചോദ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *