• Home
  • kerala
  • പിങ്ക്‌ പൊലീസിന്റെ അപമാനിക്കല്‍: അപ്പീല്‍ പോകുന്നത്‌ കൂടുതല്‍ അപമാനിക്കാനെന്ന്‌ കുട്ടിയുടെ പിതാവ്‌

പിങ്ക്‌ പൊലീസിന്റെ അപമാനിക്കല്‍: അപ്പീല്‍ പോകുന്നത്‌ കൂടുതല്‍ അപമാനിക്കാനെന്ന്‌ കുട്ടിയുടെ പിതാവ്‌

ആറ്റിങ്ങലില്‍ പിങ്ക്‌ പൊലീസ്‌ മോഷണക്കുറ്റം ചുമത്തി കുട്ടിയെ അപമാനിച്ച സംഭവത്തില്‍ കുട്ടിക്ക്‌ നഷ്ടപരിഹാരം വിധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കുട്ടിയുടെ പിതാവായ ജയചന്ദ്രന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്‌. താന്‍ ഒരു ദളിതായതിനാലാണ്‌ ഇത്തരത്തില്‍ വീണ്ടും അപമാനിക്കുന്നതെന്ന്‌ ജയചന്ദ്രന്‍ പറയുന്നു. നിരപരാധിനിയായ കുട്ടിക്ക്‌ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇത്‌ സര്‍ക്കാര്‍ നല്‍കണം. പോലീസുദ്യോഗസ്ഥ കുറ്റം ചെയ്തുവെന്നാണ് കോടതിയിലും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ നഷ്ടപരിഹാരം പോലീസുകാരിയില്‍ നിന്നും വാങ്ങിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. പൊലീസ്‌ ഉദ്യോഗസ്ഥ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലായിരുന്നു. അവര്‍ സ്വീകരിച്ച നടപടി സര്‍ക്കാരിന്റെ നടപടിയായി വിലയിരുത്തിയാണ്‌ ഹൈക്കോടതി ഉത്തരവ്‌. ഇത്‌ സര്‍ക്കാരിന്‌ അംഗീകരിക്കാന്‍ കഴിയുന്നില്ല- ജയചന്ദ്രന്‍ പറയുന്നു.

https://thepoliticaleditor.com/2022/03/tvm-law-college-sfi-ksu-conflict-updates/

ആഗസ്ത് 28 ന് പരാതി നല്‍കിയതാണ്. ഇത്രയും നാളായിട്ടും മകളുടെയോ തന്റെയോ മൊഴി പോലീസ് എടുത്തിട്ടില്ലെന്ന് ജയചന്ദ്രന്‍ പറയുന്നു. ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. ഇത് ഇല്ലാതെയാണ് കേസ് അവസാനിപ്പിച്ചു എന്ന് പറയുന്നത്. നാളിതുവരെ സര്‍ക്കാരിന്റെ ഭാഗമായുള്ള ആരും ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു. പട്ടികജാതി കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍ എന്നിവിടങ്ങളില്‍ നിന്നും പോലീസുദ്യോഗസ്ഥയ്ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് പരിഗണിക്കുക പോലും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ജയചന്ദ്രന്‍ പറയുന്നു.

കഴിഞ്ഞ കൊല്ലം ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് കാര്‍ഗോ കൊണ്ടുപോകുന്നതു കാണാന്‍ ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ സ്വദേശിയായ പെണ്‍കുട്ടി പിതാവിനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് സംഭവം. മൊബൈല്‍ കാണാനില്ലെന്ന് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിച്ചെന്നതായിരുന്നു സംഭവം. പിങ്ക് പൊലീസിൻ്റെ ചുമതലയുണ്ടായിരുന്ന സി.പി രജിതയാണ് ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറിയത്. പിങ്ക് പോലീസിന്റെ വാഹനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ജയചന്ദ്രനെയും മകളെയും വനിതാ പോലീസുകാരി അപമാനിക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ എത്തിയതോടെ ഫോണ്‍ വാഹനത്തില്‍ നിന്നും തന്നെ കണ്ടെടുത്തു.

പൊതുജനമധ്യത്തില്‍ ജയചന്ദ്രനേയും മകളേയും അപമാനിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടര്‍ന്ന് രജിതയെ തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫീസിലേക്ക് സ്ഥലം മാറ്റി. ആഗസ്റ്റ് 31ന് ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. എന്നാല്‍, ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു ഐ.ജിയുടെയും റിപ്പോര്‍ട്ട്.

രജിതയെ പൂർണമായും സംരക്ഷിച്ചുകൊണ്ടായിരുന്നു പൊലീസ് റിപ്പോർട്ട് എന്നുള്ളതും ശ്രദ്ധേയമായിരുന്നു. പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഒക്ടോബർ അഞ്ചിന് ജയചന്ദ്രനും മകളും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി സമർപ്പിച്ചു. മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകിയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു. സർക്കാരിൽ നിന്നും അനുകൂലതീരുമാനം ഉണ്ടാകാതായതോടെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *