പദവി രാജി വച്ചിട്ടും രാഹുൽ ഗാന്ധി തന്നെയാണ് ഇപ്പോഴും കോൺഗ്രസ് അദ്ധ്യക്ഷൻ എന്നും പഞ്ചാബിൽ രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും കോൺഗ്രസ് വിമത ഗ്രൂപ്പ് നേതാവ് കപിൽ സിബൽ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആഞ്ഞടിച്ചു.
കോൺഗ്രസ് നേതൃത്വം ഒരു സാങ്കൽപിക ലോകത്താണെന്നും അതിൽ ചിലർ പാർട്ടിയെ ഒരു വീട്ടിൽ മാത്രമായി ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും സിബൽ ആരോപിച്ചു.
പാർട്ടിയിൽ ചിലർക്ക് വേണ്ടത് ഘർ കി കോൺഗ്രസ് ആണ്. എന്നാൽ എനിക്കതല്ല ആവശ്യം. എന്റെ ആഗ്രഹം സബ് കി കോൺഗ്രസാണ്. അതായത് എല്ലാവരുടെയും കോൺഗ്രസ്. അതിനായി ഞാൻ അവസാനം വരെ പോരാടും. 2014 മുതൽ എംപിമാരും എംഎൽഎമാരുമടക്കം 177 പേർ കോൺഗ്രസ് വിട്ടുവെന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ഇത്തരത്തിലുള്ള ഒരു കൊഴിഞ്ഞുപോക്ക് കണ്ടിട്ടില്ലെന്നും സിബൽ പറഞ്ഞു.
പാർട്ടിയുടെ അദ്ധ്യക്ഷനല്ലെങ്കിലും രാഹുൽ ഗാന്ധിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. രാഹുൽ ഇപ്പോൾ തന്നെ പാർട്ടിയുടെ പ്രസിഡന്റിനെ പോലെയാണ് പെരുമാറുന്നത്. എങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹത്തെ തിരികെ ആ സ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് ചിലർ ആവശ്യപ്പെടുന്നത്-സിബൽ ചോദിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി എല്ലാ പ്രമുഖ സീനിയര്‍ നേതാക്കളുടെയും വേദിയല്ല ഇപ്പോള്‍. നേതൃത്വത്തിന്റെ നോമിനികള്‍ മാത്രമാണ് അതിലുള്ളത്- സിബല്‍ ആരോപിച്ചു.













