സംഘപരിവാര്‍ പിന്തുണച്ച് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്ന ദി കാശ്‌മീര്‍ ഫയല്‍സ് എന്ന സിനിമയുമായി ബന്ധപ്പെട്ട് വീണ്ടും കാശ്‌മീര്‍ ഭീകരവാദവും ഹിന്ദു-മുസ്ലീം വര്‍ഗീയതയും ചര്‍ച്ചയില്‍ നിറയുകയാണ്. കോണ്‍ഗ്രസിന്റെതായി ട്വിറ്ററില്‍ വന്ന കുറിപ്പുകളും അത് പിന്നീട് അപ്രത്യക്ഷമായതും ചര്‍ച്ചയായിട്ടുണ്ട്. സിനിമയ്‌ക്കു പിന്നിലെ യാഥാര്‍ഥ്യത്തെ പറ്റി കോണ്‍ഗ്രസിന്റെതായി വന്ന ട്വിറ്റര്‍ കുറിപ്പുകള്‍ നീക്കം ചെയ്യപ്പെട്ടത് സംഘപരിവാര്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെതായി സൂചനയുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് കുറിപ്പുകള്‍ വന്നത്.

1990 -ല്‍ കാശ്‌മീരി പണ്ഡിറ്റുകള്‍ താഴ്വരയില്‍ നിന്നും ഭീകരവാദികളെ ഭയന്ന പലായനം ചെയ്യേണ്ടി വന്നതാണ് സിനിമയിലെ വിഷയം. എന്നാല്‍ ഇക്കാലത്ത് ജമ്മു-കാശ്‌മീരില്‍ ഗവര്‍ണറായി വന്ന ജഗ് മോഹന്‍ എന്ന ആര്‍.എസ്.എസ്. അനുഭാവിയാണ് കാശ്‌മീരികളെ ജമ്മുവിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചതെന്ന് ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. 1990 ജനവരി 19-നാണ് ജഗ്മോഹന്‍ ഗവര്‍ണര്‍ പദവിയിലെത്തിയത്.

1900 നും 2007-നും ഇടയില്‍ 399 കാശ്‌മീരി പണ്ഡിറ്റുകളെ തീവ്രവാദികള്‍ കൊന്നുവെന്ന വസ്‌തുതയ്‌ക്ക് സിനിമ പറയാത്ത മറുവശം കൂടിയുണ്ടെന്ന് മറ്റൊരു കുറിപ്പില്‍ ഉണ്ട്. മുസ്ലീങ്ങള്‍ അല്ല പണ്ഡിറ്റുകളുടെ ശത്രുക്കള്‍ എന്നും തീവ്രവാദികള്‍ ആയിരുന്നുവെന്നും അവര്‍ പണ്ഡിറ്റുകളെ പോലെ മുസ്ലീങ്ങളെയും ലക്ഷ്യമിട്ടിരുന്നു എന്ന പറയുന്ന ട്വീറ്റ് ആണിത്. 1990-2007 കാലത്ത് 399 പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ 15,000 മുസ്ലീങ്ങളെയും തീവ്രവാദികള്‍ കൊന്നുതള്ളിയെന്ന കണക്ക് ട്വീറ്റില്‍ നല്‍കിയിരുന്നു. കാശ്‌മീര്‍ ഫയല്‍സ് പോലുള്ള സിനിമകള്‍ ഇക്കാര്യം മാത്രം മറച്ചു പിടിക്കുന്നു എന്നതാണ് വസ്‌തുത.

പണ്ഡിറ്റുകൾക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന ബിജെപി. കേന്ദ്രത്തിൽ രണ്ടുതവണയും ജമ്മു കശ്മീരിൽ ഒരു തവണയും സർക്കാർ രൂപീകരിച്ചിട്ടും പണ്ഡിറ്റുകളെ തിരിച്ചെടുക്കാൻ മെനക്കെടുന്നില്ലെന്നാണ് കോൺഗ്രസിന്റെ ട്വീറ്റ്. കാശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി അവർ ചെയ്ത പ്രവർത്തനങ്ങളുടെ എല്ലാ ക്രെഡിറ്റും ബിജെപി ഏറ്റെടുത്തു.യുപിഎ സർക്കാർ 15,000 കശ്മീരികൾക്ക് ജോലി നൽകിയെന്നും 6,000 പണ്ഡിറ്റുകളെ ജമ്മു കശ്മീർ സർക്കാരിൽ ഉൾപ്പെടുത്തിയെന്നും കോൺഗ്രസ് എഴുതി.

ബി.ജെ.പി. പിന്തുയുള്ള വി.പി.സിങ് സര്‍ക്കാരിന്റെ കാലത്താണ് പണ്ഡിറ്റുകളുടെ പലായനം തുടങ്ങിയതെന്നും ബി.ജെ.പി. അവരെ ഒരു തരത്തിലും സഹായിച്ചില്ലെന്നു സൂചിപ്പിച്ചുകൊണ്ടുള്ള ട്വീറ്റും പുറത്തുവന്നു. അയോധ്യ പ്രശ്‌നം പോലെ ഹിന്ദു-മുസ്ലീം ധ്രുവീകരണത്തിനായി മാത്രമാണ് പണ്ഡിറ്റുകളുടെ പലായന വിഷയം ബി.ജെ.പി. ഉപയോഗിച്ചത് എന്നും ട്വീറ്റില്‍ സൂചിപ്പിക്കുന്നു.
വിവാദം ഭയന്ന് ഈ ട്വീറ്റുകള്‍ പിന്നീട് നീക്കം ചെയ്യപ്പെട്ടതായി പറയുന്നുവെങ്കിലും ഇതേപ്പറ്റി കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഘപരിവാര്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയേക്കാമെന്ന ആശങ്ക മൂലമാണ് ഇത്തരം അപരസത്യങ്ങള്‍ ധൈര്യസമേതം പറയാന്‍ കോണ്‍ഗ്രസിന് മടി ഉണ്ടാക്കുന്നത്.
എന്തിനാണ് കോണ്‍ഗ്രസ് ഈ ട്വീറ്റുകള്‍ നീക്കം ചെയ്യുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. പറയേണ്ട വസ്‌തുതകള്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് ഭയക്കുന്നതെന്തിന്.

മൃദുഹിന്ദുത്വം കൊണ്ട് കോണ്‍ഗ്രസിന് സംഘപരിവാറിനെ പ്രതിരോധിക്കാനാവില്ല എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും അവര്‍ ഇപ്പോഴും അതില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെന്നാണ് സംശയിക്കേണ്ടത്.
മുസ്ലീം പക്ഷപാതിത്വമായി ചിത്രീകരിക്കപ്പെട്ടു പോകുമോ സംഘപരിവാര്‍ അത്തരം പ്രചാരണം നടത്തി സമ്മര്‍ദ്ദത്തിലാക്കുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്.

എന്നാല്‍ മൃദുഹിന്ദുത്വത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറിയാല്‍ മാത്രമേ പാര്‍ടിക്ക് വ്യക്തിത്വവും പരിപാടിയും നെഹ്‌റുവിയന്‍ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചയും സാധ്യമാകൂ എന്നാണ് ജി-23 നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ബി.ജെ.പിയുടെ ഹിന്ദുത്വത്തിനു മുന്നില്‍ കോണ്‍ഗ്രസ് കാണിക്കുന്ന ഭീരുത്വമാണ് ദി കാശ്‌മീര്‍ ഫയല്‍സ് പോലുള്ള സിനിമയുടെ കാര്യത്തിലും ഉണ്ടാവുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നിരിക്കയാണ്. വസ്‌തുത വിളിച്ചു പറയാന്‍ ഭയക്കുന്നതെന്തിന് എന്ന ചോദ്യവും ഉയരുന്നു.
thepoliticaleditor.com













