സിപി എം 23ാം പാർടി കോൺഗ്രസ് പ്രചാരണത്തിനായി തയ്യാറാക്കിയ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി ഇൻസ്‌റ്റലേഷൻ ചൊവ്വാഴ്‌ച അനാഛാദനം ചെയ്യും. ജാതി ഉച്ചനീചത്വങ്ങളാൽ ഇരുണ്ടുപോയ കാലഘട്ടത്തിൽ വെളിച്ചമായി ജ്വലിച്ച ഇതിഹാസകാവ്യത്തിന്റെ ശില്പാവിഷ്ക്കാരമാണ് കണ്ണൂർ സ്റ്റേഡിയം കോപ്ലക്സിനു മുന്നിലായി ഒരുങ്ങിയത്.
കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനാണ് രാവിലെ പത്തിന് ഇൻസ്റ്റലേഷൻ അനാച്ഛാദനം ചെയ്യുക.

തലമുറകളെ നവോത്ഥാനത്തിന്റെ പുതുവെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയ മഹാകാവ്യത്തിന്റെ കാലികപ്രസക്തിയാണ് ഇൻസ്‌റ്റലേഷനിലൂടെ വിളംബരം ചെയ്യുക.
കുമാരനാശാന്റെ 150ാം ജന്മവാർഷികത്തിലാണ് ചണ്ഡാലഭിക്ഷുകിക്ക് ശിൽപാവിഷ്‌കാരം ഒരുങ്ങുന്നത്.
ചിത്രകാരനും കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ ജോസഫിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം കലാകാരന്മാരാണ് ഇൻസ്റ്റലേഷൻ ഒരുക്കുന്നത്. ശില്പി മനോജ് കുമാർ നാരായണന്റെ എട്ടടി ഉയരമുള്ള കുമാരനാശാൻ ശില്പം ഇൻസ്‌റ്റലേഷന്റെ സവിശേഷതയാണ്.
സുഹാസ് വേലാണ്ടി, അനൂപ് ഷൈൻ, സലീഷ് ചെറുപുഴ, വാസവൻ പയ്യട്ടം, റവീന, ഷീന, അംബിക, ശ്രീലക്ഷ്മി, സ്വാതി, റിനു റജി, നകുലൻ, പ്രജിൽ, സംജോത് എന്നിവർ ഇൻസ്‌റ്റലേഷനിൽ പങ്കാളികളായി.
അരയാൽ ചുവട്ടിലുള്ള കിണറിന്റെ കരയിലേക്ക് ആനന്ദൻ എന്ന ബുദ്ധഭിക്ഷു ദാഹിച്ചു വലഞ്ഞുവരികയാണ്.
മാതംഗിയെന്ന ചണ്ഡാല യുവതിയോട് ഭിക്ഷുവെള്ളം ചോദിക്കുകയാണ്. നീച ജാതിയിൽ പിറന്ന താൻ തൊട്ട ശുദ്ധമായ വെള്ളം തന്നാൽ അത് പാമാകില്ലേ എന്ന് ആശങ്കപ്പെടുന്ന മാതംഗിയോട് ആനന്ദൻ ‘‘ജാതി ചോദിക്കുന്നില്ല സോദരീ, ചോദിക്കുന്നു നീർ നാവു വരണ്ടഹോ ഭീതിവേണ്ടാ തരികതെനിക്കു നീ’’ എന്ന് മറുപടി പറയുന്ന കാവ്യസന്ദർഭമാണ് ഇവിടെ ശില്പവൽക്കരിച്ചിരിക്കുന്നത്. ഈ കാവ്യഭാഗം വ്യത്യസ്‌ത ഭാഷകളിൽ ഇവിടെ ആലേഖനം ചെയ്‌തിട്ടുമുണ്ട്.














