രാജീവ്ഗാന്ധി വധക്കേസിലെ പ്രതി എ.ജി. പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 32 വർഷത്തെ തടവും ജയിലിലെ നല്ല നടപ്പും കണക്കിലെടുത്താണ് ജാമ്യം. രാജീവ് ഗാന്ധി വധക്കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് പേരറിവാളൻ.
നേരത്തെ 8 തവണ പരോൾ ലഭിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
കടുത്ത വൃക്ക രോഗം ബാധിച്ചു ചികിൽസയിൽ കഴിയുന്ന പേരറിവാളൻ നിലവിൽ പരോളിലാണ്. പരോളിലാണെങ്കിലും, വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പേരറിവാളന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
26 വർഷത്തെ ജയിൽവാസത്തിന് ശേഷം 2017 ആഗസ്റ്റ് 24നാണ് ഇയാൾ ആദ്യമായി പരോളിലിറങ്ങിയത്.പിന്നീട് പിതാവിന്റെ അസുഖം, സഹോദരീ പുത്രിയുടെ വിവാഹം, വൃക്കരോഗ ചികിത്സ തുടങ്ങിയ കാരണങ്ങൾക്കായി പരോൾ അനുവദിച്ചു.
1991ൽ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിലെ 6 പ്രതികളിൽ ഒരാളാണ് പേരറിവാളൻ .രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബോംബിലെ രണ്ടു ബാറ്ററികൾ എത്തിച്ചു നൽകിയത് പേരറിവാളനാണ്.
1991 ജൂൺ 11നാണ് ഇയാൾ അറസ്റ്റിലാകുന്നത്.കോടതി വധശിക്ഷയാണ് വിധിച്ചതെങ്കിലും 2014 ൽ സുപ്രീംകോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. എസ് നളിനി, മുരുഗൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
കേസിൽ മൂന്നു പതിറ്റാണ്ടായി ജയിലിൽ കഴിയുന്ന പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.













