• Home
  • kerala
  • യു.പിയും പഞ്ചാബും തീരുമാനിക്കുന്നത്‌ ഇന്ത്യയെ എങ്ങോട്ട്‌ നയിക്കും…ഒരു പ്രീ-കൗണ്ടിങ്‌ അവലോകനം

യു.പിയും പഞ്ചാബും തീരുമാനിക്കുന്നത്‌ ഇന്ത്യയെ എങ്ങോട്ട്‌ നയിക്കും…ഒരു പ്രീ-കൗണ്ടിങ്‌ അവലോകനം

ലോക്‌സഭയിലെ 543 സീറ്റുകളിൽ 80 എണ്ണവും, 403 അംഗ നിയമസഭയും, 15 കോടിയിലധികം വോട്ടർമാരുള്ള ഉത്തർപ്രദേശ്, ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനമാണ്. 1950 ജനുവരി 25 ന്, യുണൈറ്റഡ് പ്രവിശ്യകൾ എന്ന പേര് മാറ്റി ഉത്തർപ്രദേശ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടപ്പോൾ മുതൽ, സംസ്ഥാനത്ത് 17 നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്നു. ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിച്ചവയായിരുന്നു അവയെല്ലാം. യു.പി. ഭരിക്കുന്നവര്‍ ഇന്ത്യ ഭരിക്കും എന്ന ചൊല്ല്‌ തന്നെ ഒരു കാലത്ത്‌ പ്രചരിച്ചിരുന്നു. അത്‌ സത്യവുമായിരുന്നു.

1990-കള്‍ പക്ഷേ ഉത്തര്‍പ്രദേശ്‌ രാഷ്ട്രീയത്തെ കുഴച്ചുമറിച്ചു. അയോധ്യ-രാമജന്‍മഭൂമി പ്രശ്‌നം ഇന്ത്യയിലെ, പ്രത്യേകിച്ച്‌ ഉത്തര്‍പ്രദേശിലെ ഹിന്ദു-മുസ്ലീം വോട്ടു ബാങ്കില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. മന്ദിര്‍ കാര്‍ഡിനു പകരം മണ്ഡല്‍ കാര്‍ഡ്‌ എടുത്ത്‌ കളിച്ച വി.പി.സിങ്‌ എന്ന പ്രധാനമന്ത്രി ഇന്ത്യയിലെ ദളിതരുടെ രാഷ്ട്രീയധ്രുവീകരണത്തിന്‌ പുതിയ മുഖം നല്‍കി. സമാജ്‌ വാദി പാര്‍ടി, ബഹുജന്‍ സമാജ്‌ വാദി പാര്‍ടി തുടങ്ങിയവ ഉത്തര്‍പ്രദേശിലെ വലിയ രാഷ്ട്രീയശക്തികളായി മാറി. ഒപ്പം ബി.ജെ.പി. പ്രബലശക്തിയായി. സംഭവിച്ച ഒരു പ്രധാന കാര്യം അതുവരെ യു.പി.യുടെ ഭാഗധേയം നിര്‍ണയിച്ച പാര്‍ടിയായ കോണ്‍ഗ്രസ്‌ പിന്നീട്‌ ആ വലിയ സംസ്ഥാനത്ത്‌ നിന്നും പതുക്കെ തുടച്ചുനീക്കപ്പെട്ടു എന്നതാണ്‌. ആ അവസ്ഥ മൂന്ന്‌ ദശാബ്ദം കഴിയുമ്പോഴും മാറ്റമില്ലാതെ തുടരുന്നു.

വി.പി.സിങ്‌

ഉത്തര്‍പ്രദേശില്‍ ഇതു വരെ ഭരിച്ച 21 മുഖ്യമന്ത്രിമാരിൽ യോഗി ആദിത്യനാഥ്, അഖിലേഷ് യാദവ്, മായാവതി എന്നിവർ മാത്രമാണ് അഞ്ച് വർഷത്തെ മുഴുവൻ കാലാവധി പൂർത്തിയാക്കിയത് എന്നത് ഓർക്കാൻ കൗതുകം ഉള്ള കാര്യമാണ്. ആ സംസ്ഥാന രാഷ്ട്രീയത്തിലെ അസ്ഥിരതയെ ഇത് പ്രതിഫലിപ്പിക്കുന്നു. 21 മുഖ്യമന്ത്രിമാരിൽ പത്തും ബ്രാഹ്മണരോ ഠാക്കൂർമാരോ ആയിരുന്നു എന്നതും കൗതുകം ഉണർത്തുന്ന കാര്യം ആണ്. മൂന്ന് യാദവന്മാർ ഇവിടെ മുഖ്യമന്ത്രിമാർ ആയിട്ടുണ്ട് എന്നും ഓർക്കാം.

അഖിലേഷ് യാദവ്,മായാവതി, യോഗി ആദിത്യനാഥ്

ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ നാളെ ആരംഭിക്കാനിരിക്കെ യു.പി.യില്‍ നടക്കാന്‍ പോകുന്ന രാഷ്ട്രീയചലനങ്ങള്‍ ഒരു പക്ഷേ നാളത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെ വളരെ വ്യാപകമായി സ്വാധീനിക്കാം. ബി.ജെ.പി.ക്ക്‌ ഭൂരിപക്ഷം കുറയുമെന്നു മാത്രമേ എല്ലാവരും കരുതുന്നുള്ളൂ, ഭരണം നിലനിര്‍ത്തും. പക്ഷേ ഈ സീറ്റ്‌ കുറയല്‍ തീര്‍ച്ചയായും മോദി-യോഗി രാഷ്ട്രീയത്തിന്റെ തിരിച്ചടിയായി വിലയിരുത്തപ്പെടും എന്നുറപ്പാണ്‌. ഇന്ത്യയില്‍ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയ്‌ക്ക്‌ പുതിയ രാഷ്ട്രീയ സഖ്യം എന്ന സാധ്യതയിലേക്ക്‌ വലിയ പ്രതീക്ഷയാണ്‌ ഉണ്ടാകുക, യു.പി.യില്‍ ബി.ജെ.പി.ക്ക്‌ തിരിച്ചടി നേരിട്ടാല്‍.

403 സീറ്റുകളോടെ 2017 ൽ അധികാരത്തിൽ വന്ന ബിജെപിക്ക്‌ ഇത്തവണ അത് 211 മുതൽ 225 സീറ്റുകളായിരിക്കും എന്നാണ് പ്രവചനം. സമാജ്വാദി പാർട്ടിക്കും സഖ്യകക്ഷികൾക്കും 146 മുതൽ 160 സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. 2017 ലെ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളാണ് എസ്പി ക്ക്‌ ലഭിച്ചിരുന്നത്.

ഇതിനപ്പുറത്ത്‌ എല്ലാവരും ഉറ്റു നോക്കുന്ന ഒരേയൊരു കാര്യം കോണ്‍ഗ്രസ്‌ യു.പി.യില്‍ എന്തെങ്കിലും അത്ഭുതം കാണിക്കുമോ എന്നതാണ്‌. രണ്ടു വര്‍ഷത്തോളമായി പ്രിയങ്ക ഗാന്ധി യു.പി.യിലെ തിരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ അവിടെ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്‌. അത്‌ കൊണ്ട്‌ എന്തെങ്കിലും പ്രയോജനം ഉണ്ടായോ എന്ന്‌ വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പാണിത്‌. പ്രിയങ്കയുടെ പ്രവര്‍ത്തനം ഫലം കണ്ടില്ല എന്ന്‌ വരികയാണെങ്കില്‍ അത്‌ കോണ്‍ഗ്രസിലെ ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയമേധാവിത്വത്തിനെതിരെ കൂടുതല്‍ ശക്തമായ ജി-23 മാതൃകയിലുള്ള പ്രതിഷേധം രൂപപ്പെടുന്നതിലേക്കാണ്‌ നയിക്കുക. കോണ്‍ഗ്രസ്‌ എങ്ങിനെ നയിക്കപ്പെടണം എന്ന്‌ ഇത്തവണത്തെ യു.പി-പഞ്ചാബ്‌ തിരഞ്ഞെടുപ്പ്‌ ഫലം തീരുമാനിക്കും എന്നതാണ്‌ സംഭവിക്കാന്‍ പോകുന്നത്‌.

40 ശതമാനം സ്ത്രീ സംവരണം, കർഷക സൗഹൃദ പ്രകടന പത്രിക തുടങ്ങിയ പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വൃഥാവിലാകാണാണ് സാധ്യത. പതിവ് പോലെ കോൺഗ്രസ് രണ്ടക്കം കാണാൻ പാടുപെടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. കോൺഗ്രസിന് 4 മുതൽ 6 സീറ്റാണ് പ്രവചിക്കുന്നത്.
കർഷക സമരങ്ങളും,ലഖിം​പൂർ ഖേരി സംഭവം പോലെ ബിജെപി വിരുദ്ധ തരംഗങ്ങളുടെ സാധ്യത ഉണ്ടായിട്ടും കോൺഗ്രസിന് ചലനം ഉണ്ടാക്കൻ പറ്റാതെ പോയാൽ ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന്റെ നിലനിൽപ് ചോദ്യം ചെയ്യപ്പെടും.

എന്നാല്‍ യു.പി.യില്‍ കോണ്‍ഗ്രസ്‌ ജീവന്റെ തുടിപ്പുകള്‍ കാണിക്കുകയും പഞ്ചാബ്‌ നിലനിര്‍ത്തുകയും ജാര്‍ഖണ്ഡ്‌, ഗോവ എന്നിവ ബി.ജെ.പി.യില്‍ നിന്നും പിടിക്കുകയും മണിപ്പൂരില്‍ ഒരു സീറ്റെങ്കിലും അധികം നേടുകയും ചെയ്‌താല്‍ രാഹുല്‍-പ്രിയങ്കമാരുടെ ആധിപത്യം കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ തുറക്കും. ജി-23 പോലുള്ള പ്രതിഷേധരൂപങ്ങള്‍ നാമാവശേഷമാകും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌ പ്രസിഡണ്ടാവും.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, കോണ്‍ഗ്രസിനെ പിന്നിലോട്ടു തള്ളി ആ സ്ഥാനത്ത്‌ വരാന്‍ എല്ലാ തരത്തിലും ഭാഗ്യമുള്ള പാര്‍ടിയായി ആം ആദ്‌മി പാര്‍ടി മാറുന്നു എന്നതാണ്‌. സംഘപരിവാറിന്റെ വിദ്വേഷ ഹിന്ദുത്വ അജണ്ടയിലേക്ക്‌ പോകാനാവാതെ നില്‍ക്കുന്ന കോണ്‍ഗ്രസ്‌ അനുഭാവികളെ റാഞ്ചിയെടുക്കാന്‍ പോകുന്നത്‌ ആം ആദ്‌മി ആണ്‌. കാരണം കോണ്‍ഗ്രസില്‍ ഈ അനുഭാവികള്‍ ഇനി ഭാവി കാണുന്നില്ല എന്നതാണ്‌. അതിനുകാരണം ഇപ്പോഴത്തെ നേതൃത്വം വെറും കെട്ടുകാഴ്‌ചകള്‍ മാത്രമായി മാറിയതാണ്‌. അവര്‍ രാജ്യത്തെ നയിക്കാന്‍ പക്വമായ, കെല്‍പുള്ള, കരിസ്‌മയുള്ള ആളുകളായി മതേതര കോണ്‍ഗ്രസുകാര്‍ കാണുന്നില്ല എന്ന പ്രശ്‌നമാണ്‌ ഉത്തേരേന്ത്യയില്‍ കോണ്‍ഗ്രസിന്‌ തിരഞ്ഞെടുപ്പില്‍ അഡ്രസില്ലാതാക്കി തീര്‍ക്കുന്നത്‌. ആം ആദ്‌മി കോണ്‍ഗ്രസിന്റെ ഇടമാണ്‌ പലയിടത്തും പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്‌. യു.പി, പഞ്ചാബ്‌, ഗോവ എന്നീ സംസ്ഥാനങ്ങള്‍ മാത്രം എടുത്തു നോക്കിയാല്‍ ഇത്‌ വ്യക്തമാകും.

നാളെ വോട്ടെണ്ണുമ്പോൾ കയ്യിലുള്ള പഞ്ചാബ് ആം ആദ്മി കൊണ്ടുപോകുമെയെന്നാണ് കോൺഗ്രസിന്റെ പ്രധാന ആശങ്ക. 117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭയിൽ എഎപിക്ക് 76 മുതൽ 90 സീറ്റുകൾ സീറ്റ് ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് പോൾ പ്രവചിച്ചത്. കോൺഗ്രസിനാകട്ടെ 19 മുതൽ 31 സീറ്റുളേ ലഭിക്കൂവെന്നും പറയുന്നു. 76 സീറ്റുകൾ നേടി 2017 ൽ അധികാരത്തിൽ വന്ന കോൺഗ്രസിനാണ് ഈ ദുർഗതി എന്നോർക്കണം.

പഞ്ചാബിലെ കോൺഗ്രസിനകത്ത് നവജ്യോത് സിംഗ് സിദ്ദുവും മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗുമായി ഉണ്ടായ പ്രശ്നങ്ങളും നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായുള്ള പ്രശ്നങ്ങളും കോൺഗ്രസ്സിന്റെ പഞ്ചാബിലെ പ്രതിച്ചായ തകർകുമെന്നാണ് വിലയിരുത്തൽ.
ബിജെപി വലിയ നേട്ടമുണ്ടാക്കിയില്ലെങ്കിലും പഞ്ചാബ് പോലെ വലിയൊരു സംസ്ഥാനം കോൺഗ്രസിന്റെ കൈവിട്ട് പോയാൽ പാർട്ടി നേതൃത്വം കടുത്ത പ്രതിസന്ധിയിലാകും എന്നത് തീർച്ചയാണ്.
ആം അദ്മി ജയിച്ചുകഴിഞ്ഞാൽ ഡൽഹിയുടെ പുറത്തേക്ക് പാർട്ടിയുടെ വളർച്ച സാധ്യമാകും.

ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യതയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ഗോവയിൽ കോൺഗ്രസിന് കഴിഞ്ഞ തവണ ഉണ്ടായ മാനക്കേട് വീണ്ടും ആവർത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
40 സീറ്റുകളുള്ള ഗോവയിൽ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ കോൺഗ്രസിന് അധികാരത്തിലേറാൻ കഴിഞ്ഞിരുന്നില്ല. മനോഹർ പരീക്കറുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ കുടില തന്ത്രങ്ങൾക്ക് മുന്നിൽ കോൺഗ്രസിന് അടിയറവ് പറയേണ്ടി വന്നു. പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കി ബിജെപി അധികാരത്തിൽ വരികയായിരുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോൺഗ്രസിന്റെ 17 എംഎൽഎമാരിൽ പത്തുപേരും ബിജെപിയിൽ ചേരുകയാണുണ്ടായത്.

ഇത്തവണയും അത്തരത്തിലൊരു രാഷ്ട്രീയ നാടകത്തിന് കളമൊരുങ്ങാതിരിക്കാൻ എല്ലാ വഴിയും കോൺഗ്രസ്സ് നോക്കുന്നുണ്ട്. സർക്കാരുണ്ടാക്കാൻ ബിജെപി നടത്തുന്ന ശ്രമം തടയണമെന്ന് സംസ്ഥാന ഘടകങ്ങൾക്ക് ഹൈക്കമാന്റ് നിർദേശം നൽകിയിട്ടുണ്ട്. റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ പേരു കേട്ട കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെ തന്നെ ഗോവയിൽ ഇറക്കിയിരിക്കുകയാണ് കോൺഗ്രസ്.
ഭൂരിപക്ഷം ലഭിച്ചാൽ സർക്കാർ രൂപീകരണം ഏകോപിപ്പിക്കുന്നതിന് ദേശീയ നേതാക്കളെയും നിയോഗിച്ചിട്ടുണ്ട്.

ഡി കെ ശിവകുമാർ

ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നാണ് സൂചന. ഉത്തരാഖണ്ഡ്‌ ഇത്തവണ കോണ്‍ഗ്രസ്‌ ഭരണം പിടിക്കുമെന്ന്‌ അവകാശപ്പെട്ടിരിക്കുന്ന സംസ്ഥാനമാണെന്നോര്‍ക്കുക. ഹരീഷ്‌ റാവത്ത്‌ അവിടെ പരമാവധി ശ്രമിക്കുന്നുണ്ട്‌. എന്നാല്‍ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന്‌ ആകെ പ്രത്യാശ നല്‍കുന്നത്‌ ഈ രണ്ടു സംസ്ഥാനത്തും കോണ്‍ഗ്രസ്‌ നില അല്‍പം മെച്ചപ്പെടുത്തും എന്നതാണ്‌. ഉത്തരാഖണ്ഡിൽ കഴിഞ്ഞ തവണ 10 സീറ്റ് നേടിയ കോൺഗ്രസിന് ഇത്തവണ അത് 31 ആകുമെന്നാണ് കണക്ക്. മണിപ്പൂരിലാകട്ടെ കഴിഞ്ഞ തവണത്തെ 10 സീറ്റിൽ നിന്ന് ഇത്തവണ 12 മുതൽ 17 സീറ്റ് വരെ ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *