എക്‌സിറ്റ് പോള്‍ സര്‍വ്വെകള്‍ പാടെ തെറ്റാറുള്ള അനുഭവം നിലനില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലെ ഫലം വരാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മിനിഞ്ഞാന്ന് തന്നെ എല്ലാ മാധ്യമഗ്രൂപ്പുകളുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലും യു.പി.യില്‍ ബി.ജെ.പി. വിജയമാണ് പ്രവചിക്കുന്നത്. ഭൂരിപക്ഷം കുറയുമെന്നും പറയുന്നു. സമാജ് വാദി പാര്‍ടിക്ക് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വളരെ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്. എന്നാല്‍ ഹൈദരാബാദ് ആസ്ഥാനമായ ആത്മസഖി എന്ന സര്‍വ്വേ ഗ്രൂപ്പിന്‍രെ എക്‌സിറ്റ് പോള്‍ പ്രവചനം വ്യത്യസ്‌തമാണ്. അവര്‍ യു.പി.യില്‍ ഒരു രാഷ്ട്രീയ അട്ടിമറി പ്രവചിക്കുന്നു. സമാജ് വാദി പാര്‍ടി സഖ്യം അധികാരത്തില്‍ വരുമെന്ന് ഈ സര്‍വ്വെ പ്രവചിക്കുന്നു. മാത്രമല്ല മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും പ്രവചിക്കുന്നു.
സമാജ് വാദി പാര്‍ടിക്ക് 235-240 സീറ്റ് കിട്ടുമെന്നാണ് ആത്മ സഖി സര്‍വ്വേ പ്രവചനം. ബി.ജെ.പി.യുടെ സീറ്റ് 312-ല്‍ നിന്നും 138-140 ആയി കുറയും. ബി.എസ്.പി.ക്ക് 19 മുതല്‍ 23 വരെ സീറ്റ് കിട്ടും. കോണ്‍ഗ്രസ് നില അല്‍പം മെച്ചപ്പെടുത്തും-12 മുതല്‍ 16 വരെ സീറ്റ് അവര്‍ക്ക് കിട്ടും. മൂന്നു ലക്ഷത്തി പതിനാറായിരം സാമ്പിളുകള്‍ ശേഖരിച്ച് അതില്‍ നിന്നും സ്വരൂപിച്ച അഭിപ്രായത്തിന്റെ പ്രവചനമാണ് തങ്ങളുടെതെന്ന് ആത്മസഖി ഗ്രൂപ്പ് അവകാശപ്പെട്ടു.
പഞ്ചാബില്‍ മറ്റെല്ലാ സര്‍വ്വേകളും ആം ആദ്‌മി പാര്‍ടിക്ക് വിജയം പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസ് തന്നെ ഭരണത്തില്‍ തുടരുമെന്നാണ് ഈ സര്‍വ്വേയില്‍ പ്രവചിക്കുന്നത്. അതു പോലെ ഗോവയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്നും പ്രവചനത്തില്‍ ഉണ്ട്.














