• Home
  • kerala
  • എം.ഡി.എം.എ. എന്ന രാസലഹരിമരുന്ന്‌ കണ്ണൂരിന്റെ ഉറക്കം കെടുത്തും…കണ്ണൂര്‍ നഗരവും രാസലഹരി വില്‍പനയുടെ കേന്ദ്രം…

എം.ഡി.എം.എ. എന്ന രാസലഹരിമരുന്ന്‌ കണ്ണൂരിന്റെ ഉറക്കം കെടുത്തും…കണ്ണൂര്‍ നഗരവും രാസലഹരി വില്‍പനയുടെ കേന്ദ്രം…

സംസ്ഥാനത്തെ അടുത്തിടെ നടന്ന ഏറ്റവും വലിയ രാസലഹരിമരുന്നുവേട്ടയാണ്‌ കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്‌. ഒരു കോടിയിലധികം രൂപ വിലയുള്ള 1.95 കിലോ എം.ഡി.എം.എ. എന്ന ലഹരിവസ്‌തു സഹിതം പിടിയിലായത്‌ ദമ്പതിമാരാണ്‌. കാപ്പാട്‌ ഡാഫോഡില്‍സ്‌ വില്ലയില്‍ ബള്‍ക്കീസ്‌(28), ഭര്‍ത്താവ്‌ കോയ്യോട്‌ സ്വദേശി അഫ്‌സല്‍(37) എന്നിവരെ കണ്ണൂര്‍ ടൗണ്‍ പോലീസ്‌ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്‌ കോടേരിയാണ്‌ അറസ്‌റ്റു ചെയ്‌തത്‌. ഇവരുടെ പക്കല്‍ 67 ഗ്രാം ബ്രൗണ്‍ഷുഗറും, ഏഴര ഗ്രാം കറുപ്പും ഉണ്ടായിരുന്നു.

നാല്‌ മാസം മുമ്പ്‌ എടക്കാട്‌ റോഡരികില്‍ ഒമ്പത്‌ ഗ്രാം എം.ഡി.എം.എ. കണ്ടെത്തിയ സംഭവത്തില്‍ ഒരു സ്‌ത്രീയുടെ സാന്നിധ്യം ഉണ്ടായിരുന്നെന്ന്‌ എടക്കാട്‌ പൊലീസ്‌ സ്ഥിരീകരിച്ചിരുന്നു. ഈ സ്‌ത്രീ ബള്‍ക്കീസ്‌ ആണെന്നാണ്‌ സൂചന.
ബംഗലുരുവില്‍ നിന്ന്‌ എത്തിച്ചതാണ്‌ എം.ഡി.എം.എ. എന്നാണ്‌ സിറ്റി പൊലീസ്‌ കമ്മീഷണര്‍ ആര്‍.ഇളങ്കോ വെളിപ്പെടുത്തിയിരിക്കുന്നത്‌. ബള്‍ക്കീസിന്റെ ബന്ധുവായ നിസ്സാര്‍ ആണ്‌ ലഹരികടത്തിന്റെ പ്രധാന ഏജന്റ്‌. ലഹരിമരുന്നിന്‍രെ വരവിന്റെ കണ്ണൂര്‍ ബന്ധം പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

കണ്ണൂര്‍ ഗഗരത്തില്‍ തന്നെയുള്ള തെക്കിബസാറിലെ പാഴ്‌സല്‍ ഓഫീസില്‍ ചൂരിദാര്‍ എന്ന വ്യാജേനയാണ്‌ ലഹരിപാഴ്‌സലുകള്‍ എത്താറുള്ളതെന്ന്‌ പൊലീസ്‌ പറയുന്നു. തെക്കിബസാറിലെ ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത മൊബൈല്‍ ഷോപ്പിന്റെതായിരിക്കും വിലാസം. ഫോണ്‍ നമ്പര്‍ വ്യാജമാണ്‌. പാഴ്‌സല്‍ സ്വീകരിക്കാന്‍ ബള്‍ക്കീസ്‌ എത്തും. ഇവര്‍ക്ക്‌ ഓരോ തവണയും 2000-3000 രൂപ പ്രതിഫലം ലഭിക്കും. ഇവര്‍ ഈ പാഴ്‌സല്‍ നഗര പ്രാന്തത്തിലെ പടന്നപ്പാലത്തെ ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തിലെത്തിക്കും. ഇവിടെയാണത്രേ ലഹരിവസ്‌തു ചെറു പൊതികളിലാക്കുന്നത്‌. ലൊക്കേഷനും ഫോട്ടോകളും നിസ്സാമിന്‌ വാട്‌സ്‌ആപ്‌ ചെയ്യുന്നത്‌ ബള്‍ക്കീസ്‌ ആണെന്നു പറയുന്നു. കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ചാണ്‌ ലഹരിമരുന്നു വിതരണവും നടക്കുന്നത്‌. വിതരണം നഗരത്തിനു പുറത്തേക്കും നീളുന്നുണ്ട്‌ എന്നതിന്റെ തെളിവാണ്‌ എടക്കാട്‌ റോഡരികില്‍ കണ്ടെത്തിയ പൊതി. ഇത്‌ ഉപേക്ഷിച്ചതല്ല, പകരം കൃത്യമായി ലൊക്കേഷന്‍ നല്‍കി ഇടപാടുകാരന്‌ എടുക്കാന്‍ പാകത്തില്‍ നിക്ഷേപിച്ചതാണെന്നും സംശയമുണ്ട്‌.

ലഹരിമരുന്ന്‌ കൈമാററത്തിനിടയില്‍ പിടിക്കപ്പെടാതിരിക്കാന്‍ പുതിയ വിദ്യയാണ്‌ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശവും ലഹരിമരുന്ന്‌ വെച്ചിരിക്കുന്ന ലൊക്കേഷനും പാക്കററിന്റെ ഫോട്ടോയും എല്ലാം ഷെയര്‍ ചെയ്‌ത്‌ അത്‌ ഇടപാടുകാരന്‍ നേരിട്ട്‌ വന്ന്‌ എടുക്കുന്ന രീതി. ഇതനുസരിച്ച്‌ ഏജന്റും വില്‍പനക്കാരനും ഉപഭോക്താവും ഒന്നും നേരിട്ട്‌ കാണേണ്ട സാഹചര്യം ഉണ്ടാക്കില്ല. പണം ഓണ്‍ലൈനായി ബാങ്കില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയാണ്‌ ചെയ്യുക പതിവ്‌. ഇതാണ്‌ ലഹരിമരുന്നു സംഘങ്ങളുടെ പുതിയ ഓപ്പറേഷന്‍ രീതി.

Leave a Reply

Your email address will not be published. Required fields are marked *