വര്‍ക്കലയില്‍ ഇരു നില വീടിന് ആകെ തീപിടിച്ച് അഞ്ചപേര്‍ മരിക്കാനിടയായ സംഭവം സമ്പന്നമലയാളിക്ക് ഒരു ഐ ഓപ്പണര്‍ ആണെന്ന് സംഭവത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. സമ്പന്നകുടംബമായതിനാല്‍ എല്ലാ മുറിയിലും എ.സി. പ്രവര്‍ത്തിപ്പിച്ചിരുന്നു. മാത്രമല്ല, വീട്ടിനകത്ത് അലങ്കാരപ്പണികളുടെ ഭാഗമായി ജിപ്‌സം ബോര്‍ഡുകള്‍ ഉപയോഗിച്ചുള്ള വര്‍ക്കുകളും ചെയ്‌തിരുന്നു. തീപിടിക്കാന്‍ എളുപ്പമുള്ള ഇത്തരം വര്‍ക്കുകള്‍ കിടപ്പുമുറിയില്‍ ആകെ ചെയ്യുന്ന ശീലം മലയാളികള്‍ക്ക് വര്‍ധിച്ചുകൊണ്ടിരിക്കയാണ്. വര്‍ക്കലയില്‍ ദുരന്ത തീവ്രത കൂട്ടിയത് ജിപ്‌സം വര്‍ക്കുകള്‍ ഉണ്ടായിരുന്നതു കൂടിയാണെന്ന് പൊലീസ് ഐ.ജി ആര്‍.നിശാന്തിനി സൂചിപ്പിക്കുന്നു.

എ.സി. ഉപയോഗിച്ചതിനാല്‍ മുറികള്‍ പൂര്‍ണായി അടച്ചിരുന്നു. മരിച്ച ആര്‍ക്കും കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ല. പുക കയറിനിറഞ്ഞ് ശ്വാസം പോയതിനാല്‍ ഒന്നും പ്രതികരിക്കാനോ സഹായം ആവശ്യപ്പെടാനോ കഴിയാതെ പോയിരിക്കാം എന്നാണ് നിഗമനം. മുറിയിലെ എ.സി.യിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് കാരണമാണ് തീ ഉണ്ടായത്. മുറികളില്‍ നിന്ന് തീ വീടിനു താഴെയുള്ള ബൈക്കുകളിലേക്കു പടര്‍ന്നു. നാല് ബൈക്കുകളുണ്ടായിരുന്നത് കത്തി. വീടിന്റെ അകഭാഗങ്ങള്‍ പൂര്‍ണമായും കത്തിയ നിലയിലാണ്.
വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടാണ് കത്തിനശിച്ചത്. പ്രതാപന്‍ വര്‍ക്കലയിലെ പച്ചക്കറി മൊത്തവ്യാപാരിയായിരുന്നു. മൂത്ത മകന്‍ അഖില്‍ വിദേശത്താണ്. രണ്ടാമത്തെ മകന്‍ നിഹുല്‍, ഇളയ മകന്‍ അഹില്‍ എന്നവരും മരുമകള്‍ അഭിരാമി, എട്ട് മാസം പ്രായമുള്ള റയാന്‍ എന്നിവരും പ്രതാപനും ഭാര്യ ഷെര്‍ളിയും ആണ് വീട്ടിലുണ്ടായിരുന്നത്. ഇവരില്‍ നിഹുല്‍ ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികില്‍സയിലാണ്.
വീടിന്റെ ഗേറ്റ് ഉള്ളിൽനിന്നു പൂട്ടിയിരുന്നതിനാൽ നാട്ടുകാർക്ക് ആദ്യം അകത്തേക്കു പ്രവേശിക്കാനായില്ല. വളർത്തുനായ ഉള്ളതും രക്ഷാ പ്രവർത്തനം വൈകിപ്പിച്ചു. ഫയർഫോഴ്സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്പോഴേക്കും അഞ്ചുപേരുടെയും മരണം സംഭവിച്ചിരുന്നു.














