പോക്സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാറ്റ്, കൂട്ടു പ്രതി സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എറണാകുളത്തേക്കു പെൺകുട്ടികളെ എത്തിച്ച പ്രതി അഞ്ജലി റീമ ദേവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോടു സ്വദേശിനിയായ പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലാണ് പ്രതികൾ മുൻകൂർ ജാമ്യം തേടിയത്. പ്രതികൾ സമാനമായ കുറ്റകൃത്യം ആവർത്തിക്കുന്നവരാണെന്നും അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നുമുള്ള സർക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതി രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
കോഴിക്കോട്ട് മാർക്കറ്റിങ് സ്ഥാപനം നടത്തി വരുന്ന അഞ്ജലി റീമ ദേവ് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലേയ്ക്ക് പെൺകുട്ടികളെ എത്തിച്ചതായി ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്. ബിസിനസ് മീറ്റിന് എന്ന പേരിലാണ് കൊച്ചിയിൽ എത്തിച്ചത്.
നമ്പർ 18 ഹോട്ടൽ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ മോഡലുകൾ മരിച്ച സംഭവത്തിന് ഒരാഴ്ച മുമ്പാണ് ഇവർ അഞ്ജലിക്കും മറ്റ് അഞ്ചു പെൺകുട്ടികൾക്കും ഒപ്പം കൊച്ചിയിലെത്തുന്നത്. പേരിന് ഒന്നുരണ്ടിടങ്ങളിൽ മീറ്റിങ് നടത്തിയ ശേഷം നമ്പർ 18 ഹോട്ടലിൽ എത്തിച്ച് ലഹരി നൽകാൻ ശ്രമിച്ചെങ്കിലും നിരസിച്ചു. സംഘത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കയ്യിൽ പിടിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു. വഴങ്ങാതെ ഇവർ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് മൊഴി.














