ഇന്നലെ മൂര്‍ഖന്റെ കടിയേറ്റ് പ്രശസ്‌ത പാമ്പ് സ്‌നേഹി വാവ സുരേഷ് അത്യാസനന്ന നിലയില്‍ കിടക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ ഓഡിറ്റ് ചെയ്യാനാണിപ്പോള്‍ മലയാളിക്ക് ഉല്‍സാഹം. വാവ പാമ്പുപിടിക്കുന്നത് ശാസ്‌ത്രീയമായിട്ടല്ല എന്നാരോപിച്ച് ഒരു മനുഷ്യന്റെ സേവനത്തിനിടയിലുണ്ടായ അപകടത്തെപ്പോലും വിലകുറച്ചു കാണുന്ന ക്രൂരത മലായാളി മനസ്സിലുണ്ടോ….പ്രമുഖ കഥാകൃത്തും സാമൂഹിക വിമര്‍ശകനുമായ വി.എസ്.അനില്‍കുമാറിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത് ഇവിടെയാണ്…
അനില്‍കുമാര്‍ പറയുന്നത്:

ഒരൊറ്റത്തെറ്റു കൊണ്ട് റദ്ദാക്കപ്പെടില്ല ആയിരം ശരികൾ. വളരെ ശാസ്ത്രീയമായി മല കയറിയവർ (പർവ്വതാരോഹകർ ) എത്ര പേർ വലിയ അപകടങ്ങളിൽ പെട്ടിട്ടുണ്ട്. മുടിഞ്ഞ വേഗത്തിൽ പോകുന്ന കാറോട്ട മത്സരങ്ങളിൽ ലോക ചാമ്പ്യന്മാർ മരിച്ചു പോയിട്ടുണ്ട്. അമേരിക്കയുടെ അതിശാസ്ത്രീയമായ ബഹിരാകാശ ഉപഗ്രഹം തുടക്കത്തിലേ തകർന്ന് ഒരിന്ത്യക്കാരിയടക്കം മരിച്ചു പോയിട്ടുണ്ട്. വളരെ ശാസ്ത്രിയമായ നിയമങ്ങളുളള ബോക്സിംഗ് റിംഗിൽ മരണങ്ങളുണ്ടായിട്ടുണ്ട്. ഫുട്ബാളിലും ക്രിക്കറ്റിലും കളിക്കിടെ അപകട മരണം നടന്നിട്ടുണ്ട്. അന്റാർട്ടിക പര്യവേഷണത്തിൽ അപകടങ്ങളും മരണവും നടന്നിട്ടുണ്ട്. അപകടങ്ങൾക്ക് യുക്തിയില്ല.
രണ്ടു ബസ്സുകൾ നേർക്കുനേരെ ആഞ്ഞിടിച്ചിട്ട് ഡ്രൈവർമാർ രക്ഷപെട്ടപ്പോൾ ഏറ്റവും പിന്നിലുള്ള ഒരാൾ കമ്പി വളഞ്ഞ് കഴുത്തിൽ കയറി മരിച്ച വാർത്ത വായിച്ചിട്ടുണ്ട്. It is not your fault; but it is your accident എന്നൊരു വാചകം വായിച്ചിട്ടുണ്ട്. ശാസ്ത്രീയമായ പഠനങ്ങൾ ആരുടേയും കുത്തകയല്ല. നിത്യ പരിചയം അറിവുണ്ടാക്കും. നിത്യാഭ്യാസി ആനയെ എടുക്കും എന്നാണ്. ചിലപ്പോൾ ആന തലയിൽ വീണേക്കാം …