Categories
kerala

ഇനിയും ‘ചിക്കനൊണ്ട്…മട്ടനൊണ്ട്…മപ്പാസൊണ്ട്..’ കോട്ടയം പ്രദീപും ഉണ്ടാകും..

നിങ്ങളൊരു കള്ളുഷാപ്പില്‍ പോവുകയാണെങ്കില്‍ അവിടെ എടുത്തുകൊടുക്കുന്നയാള്‍ നിങ്ങളോട് പറയുക ‘ചിക്കനൊണ്ട്..മട്ടനൊണ്ട്…മപ്പാസൊണ്ട്..’ എന്നാവും.കോട്ടയം ആലപ്പുഴ ഭാഗങ്ങളില്‍ മലയാളികള്‍ക്കള്‍ക്ക് കാണാനാകുന്ന ഇത്തരം കഥാപാത്രങ്ങളെയാണ് കോട്ടയം പ്രദീപ് തന്റെ അഭിനയ മികവും സംസാരശൈലിയും കൊണ്ട് അവിസ്മരണീയമാക്കിയത്. എളുപ്പം ബന്ധപ്പെടുത്താന്‍ കഴിയുന്ന ഇത്തരം കഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച അതുല്യ പ്രതിഭയാണ് ഇപ്പോള്‍ ചിരിയുടെ ഓര്‍മകളിലേക്ക് മറഞ്ഞുപോയിരിക്കുന്നത്.

നാട്ടുമ്പുറങ്ങളിലും തൊട്ടയല്‍വക്കത്തും ഹോട്ടലുകളിലും കള്ളുഷാപ്പുകളിലുമൊക്കെ നാം നിത്യം കാണാറുള്ള കഥാപാത്രങ്ങളാണ് കോട്ടയം പ്രദീപ് സിനിയില്‍ ചെയ്തുവെച്ചത്. അതുകൊണ്ടുതന്നെ നടനെന്നതിനപ്പുറം തങ്ങള്‍ക്കിടയിലുള്ള ഒരാളോടുള്ള അടുപ്പമാണ് മലയാളി പ്രേക്ഷകര്‍ക്ക് കോട്ടയം പ്രദീപിനോട് അനുഭവപ്പെടുക.

thepoliticaleditor

എന്‍ എന്‍ പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തില്‍ ബാലതാരമായാണ് കോട്ടയം പ്രദീപ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അമ്പത് വര്‍ഷത്തോളം നാടക കലയില്‍ സജീവമായിരുന്നു. 1989 മുതല്‍ എല്‍ഐസി ജീവനക്കാരനായിരുന്നു ആദ്ദേഹം.

കോട്ടയം തിരുവാതുക്കലാണ് നടന്റെ സ്വദേശം. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍ ,കോട്ടയം ബസേലിയസ് കോളേജ് ,കോപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ഭാര്യ മായയും മക്കളായ വിഷ്ണു,വൃന്ദ അടങ്ങുന്നതാണ് കോട്ടയം പ്രദീപിന്റെ കുടുംബം.

കോട്ടയം പ്രദീപും കുടുംബവും

സമാനതയില്ലാത്ത സംസാര ശൈലി കൊണ്ടും ശരീരഭാഷ കൊണ്ടുമാണ് അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. അച്ചാറൊണ്ട്…ചള്ളാസൊണ്ട് എന്നീ ശൈലിയിലുളള അദ്ദേഹത്തിന്റെ സംസാര രീതി സിനിമാപ്രേക്ഷകരെ ആവോളം ചിരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഏറ്റെടുത്ത ഈ ശൈലി തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്നതും.

‘തട്ടത്തിന്‍ മറയത്തി’ലെ പോലീസുകാരനെയും ‘ഗോദ’യിലെ പാചകക്കാരനെയും ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലെ വിജയനെയും മലയാളികള്‍ അത്ര പെട്ടെന്നു മറക്കാനിടയില്ല. ഹാസ്യ കഥാപാത്രങ്ങളാണ് കോട്ടയം പ്രദീപ് ചെയ്തതില്‍ ഏറെയും.

തീര്‍ത്തും അവിചാരിതമായാണ് കോട്ടയം പ്രദീപ് ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലില്‍ ബാല താരങ്ങളെ ആവശ്യമുണ്ടെന്നറിഞ്ഞ് മകനെയുമായി എത്തിയതായിരുന്നു പ്രദീപ്. എന്നാല്‍ മകന് പകരം സീനിയര്‍ റോളില്‍ അച്ഛന് അവസരം ലഭിക്കുകയായിരുന്നു. നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നല്‍കിയത്.
അങ്ങനെയാണ് ആദ്യമായി ടെലിവിഷന്‍ രംഗത്തേക്ക് വന്നത്.

2001 ല്‍ ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെവരെ’ ആണ് നടന്റെ ആദ്യ ചിത്രം.ഇതിന്റെ തന്നെ ഹിന്ദി,തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വര്‍ഷങ്ങളോളം മലയാള സിനിമയില്‍ തുടര്‍ന്നു.

അവിചാരിതമായാണ് ഗൗതം മേനോന്റെ ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന സിനിമയില്‍ അഭിനയിക്കുന്നത്.ഓഡീഷനില്‍ അദ്ദേഹത്തിന്റെ അഭിനയവും സംസാരശൈലിയും ഇഷ്ടപ്പെട്ടാണ് ഗൗതം മേനോന്‍ പ്രദീപിനെ തിരഞ്ഞെടുത്തത്. തൃഷയുടെ അമ്മാവന്‍ കഥാപാത്രമായി ശങ്കരാടിയെ പോലൊരാളെ വേണമെന്നായിരുന്നു ഗൗതം മോനേന്റെ ആവശ്യം.

2010ല്‍ പുറത്തിറങ്ങിയ ‘വിണ്ണൈ താണ്ടി വരുവായാ’ നടന്റെ ജീവിതത്തില്‍ പ്രധാന വഴിത്തിരിവായി. പിന്നീട് തമിഴിലും മലയാളത്തിലും നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ്സിലിടം നേടി.

ആമേന്‍, കട്ടനപ്പനയിലെ ഋത്വിക് റോഷന്‍,ആട് ഒരു ഭീകരജീവിയാണ്, വടക്കന്‍സെല്‍ഫി, കുഞ്ഞിരാമായണം,ഒരു യമണ്ടന്‍പ്രേമകഥ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു.

70ലേറെ ചിത്രങ്ങളിലാണ് നടന്‍ വേഷമിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ അഭിനയിച്ച ആറാട്ട് ആണ് നടന്റെ അവസാന ചിത്രം.

Spread the love
English Summary: actor kottayam, pradeep

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick