• Home
  • latest news
  • റഷ്യയെന്ന സൈനിക ഭീമനോട് ഉക്രെയിൻ കൊമ്പ് കോർക്കുമ്പോൾ…

റഷ്യയെന്ന സൈനിക ഭീമനോട് ഉക്രെയിൻ കൊമ്പ് കോർക്കുമ്പോൾ…

മാസങ്ങളോളം നീണ്ട യുദ്ധഭീതിക്ക്‌ അന്ത്യം കുറിച്ച് റഷ്യ ഉക്രെയിന് നേരെ ആക്രമണം ആരംഭിച്ചിരിക്കുകയാണ്. യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഉക്രെയിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് റഷ്യ.ഉക്രെയിനും പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. റഷ്യയുടെ 50ഓളം സൈനികരെ വധിച്ചതായും 7 യുദ്ധ വിമാനങ്ങൾ തകർത്തതായും ഉക്രെയിൻ അറിയിച്ചു. എങ്കിലും ലോകത്തെ രണ്ടാം സൈനിക ശക്തിയായ റഷ്യയോട് എത്രകണ്ട് പിടിച്ച് നിൽക്കാൻ ഉക്രെയിന് ആകും എന്നത് പ്രസക്തമായ ചോദ്യമാണ്.

2 ലക്ഷം സൈനികരാണ് ഉക്രെയിന് യുദ്ധ സന്നദ്ധരായി ഉള്ളത്. റഷ്യക്കാകട്ടെ 8.5 ലക്ഷം സൈനികരാണ് യുദ്ധസന്നദ്ധരായി ഉള്ളത്. 20 ലക്ഷം സൈനികരെ യുദ്ധ സന്നദ്ധരായി റഷ്യ കരുതിവെച്ചിട്ടുമുണ്ട്.

4173 യുദ്ധവിമാനങ്ങളാണ് റഷ്യക്ക് യുദ്ധമുഖത്തുള്ളത്. അതേ സമയം ഉക്രെയിനുള്ളത് 300 യുദ്ധ വിമാനങ്ങളാണ്. 600ഓളം മുങ്ങിക്കപ്പലുകൾ റഷ്യക്ക് ഉള്ളപ്പോൾ 30 മുങ്ങിക്കപ്പലുകൾ മാത്രമാണ് ഉക്രെയിനുള്ളത്. ആയിരത്തിൽ താഴെയാണ് ഉക്രെയിൻ യുദ്ധ ടാങ്കുകളുടെ എണ്ണം.
റഷ്യ ആക്രമണം തുടരുമ്പോൾ കനത്ത നഷ്ടം ഉക്രെയിന് ഉണ്ടാകുമെന്ന് ഉറപ്പാണ്.

അതേ സമയം, റഷ്യക്കെതിരെ അമേരിക്ക നടത്തുന്ന ഇടപെടൽ ആയിരിക്കും യുദ്ധത്തിൽ നിർണായകമാവുക. ശീതയുദ്ധ കാലത്തിന്റെ സ്മരണകൾ ഉണർത്തിക്കൊണ്ട് അമേരിക്ക ഉക്രെയിനെ സഹായിക്കുമെന്നത് ഉറപ്പാണെങ്കിലും നേരിട്ടുള്ള ആക്രമണത്തിന് സാധ്യതയില്ല. ഉക്രെയിന് ആയുധപരമായും സാമ്പത്തിക പരമായുമുള്ള സഹായമായിരിക്കും അമേരിക്കൻ ഭാഗത്ത് നിന്നുണ്ടാവുക.

യൂറോപ്യൻ യൂണിയനെ മുഴുവൻ റഷ്യയ്ക്കെതിരെ തിരിച്ചും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയും റഷ്യയെ ശ്വാസം മുട്ടിക്കാനും അമേരിക്കാകും.

യുദ്ധം ആരംഭിച്ച ഘട്ടത്തിലേ സമാധാന ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. മനുഷ്യത്വത്തിന്റെ പേരിൽ യുദ്ധം അവസാനിപ്പിക്കൂ എന്നാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പുടിനോട്‌ അഭ്യർത്ഥിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *