• Home
  • latest news
  • യുപിയിൽ പുതിയ തിരഞ്ഞെടുപ്പ് ‘വാഗ്ദാനം’ : രക്ഷിതാക്കൾ വോട്ട് ചെയ്‌താൽ മക്കളെ പാസ്സാക്കാം…!!

യുപിയിൽ പുതിയ തിരഞ്ഞെടുപ്പ് ‘വാഗ്ദാനം’ : രക്ഷിതാക്കൾ വോട്ട് ചെയ്‌താൽ മക്കളെ പാസ്സാക്കാം…!!

രക്ഷിതാക്കൾ വോട്ട് ചെയ്‌താൽ കുട്ടിക്ക് ഗ്രേസ് മാർക്ക് നൽകാമെന്ന് യുപിയിലെ കോളേജ് പ്രിൻസിപ്പാൾ. അച്ഛനും അമ്മയും വോട്ട് ചെയ്യുന്ന കുട്ടിക്ക് 10 മാർക്ക് അധികം നൽകാമെന്നാണ് കോളേജ് പ്രിൻസിപ്പാളിന്റെ വാഗ്ദാനം. ലഖിംപൂര്‍ ഖേരിയിലടക്കം നാലാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിക്കുന്ന സാഹചര്യത്തിലാണ് വിചിത്ര ഓഫറുമായി ലഖ്‌നൗ ക്രൈസ്റ്റ് ചര്‍ച്ച് കോളേജ് പ്രിന്‍സിപ്പാള്‍ രാകേഷ് കുമാര്‍ രംഗത്ത് വന്നത്.

‘ഫെബ്രുവരി 23-നും അതിനുശേഷവും മാതാപിതാക്കള്‍ വോട്ട് പോളിംഗില്‍ സജീവമായി പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ 10 മാര്‍ക്ക് പ്രതിഫലം നല്‍കും. ഇതിലൂടെ പോളിങ് ശതമാനം 100 ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ വിജയിപ്പിക്കുന്നതിനും ഇത് സഹായിക്കും.’ രാകേഷ് കുമാര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

യുപിയിലെ 9 ജില്ലകളിലായി 59 മണ്ഡലങ്ങളില്‍ ഇന്ന് നാലാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഉന്നാവോ,ലഖിംപൂര്‍ ഖേരി, ലഖ്നൗ, എന്നീ പ്രധാനയിടങ്ങളിലടക്കമാണ് ഇന്ന് പോളിംഗ്.

ഉന്നാവോ പീഡനക്കേസിലെ ഇരയുടെ അമ്മയാണ് ഉന്നാവോയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക സമരവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും സാഹചര്യത്തില്‍ വോട്ട് രീതിയില്‍ മാറ്റമുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.ലഖിംപൂര്‍ ഖേരിയിലടക്കം കനത്ത സുരക്ഷയിലാണ് പോളിംഗ് നടക്കുന്നത്.

7 ഘട്ടങ്ങളിലായി നടക്കുന്ന യുപി തിരഞ്ഞെടുപ്പ് മാര്‍ച്ച് 7 നാണ് അവസാനിക്കുക. മാര്‍ച്ച് 10 ന് വോട്ടെണ്ണും.

Leave a Reply

Your email address will not be published. Required fields are marked *