ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഷോപിയാൻ ജില്ലയിലെ ചേരമാർഗിലെ സെയ്ൻപോരയിലാണ് ശനിയാഴ്ച രാവിലെ ഏറ്റുമുട്ടലുണ്ടായത്.
രാഷ്ട്രീയ റൈഫിൾസ് (ആർ ആർ ) അംഗങ്ങളായ സന്തോഷ് യാദവ്, ചവാൻ റോമിത് തനാജി എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്.
ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുന്ന ഈ വർഷത്തെ ആദ്യ സംഭവമാണിത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീർ പോലീസും ഇന്ത്യൻ ആർമിയും പാരാമിലിട്ടറി സംഘവും ഒന്നിച്ച് ഗ്രാമത്തിൽ എത്തിയത്. സൈന്യം വളഞ്ഞതിനെ തുടർന്ന് ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും കശ്മീർ പൊലീസ് അറിയിച്ചു.













