പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു. ഡൽഹിയിൽ നിന്ന് പഞ്ചാബിലെ ഭട്ടിൻഡയിലേക്ക് പോകുമ്പോൾ അദ്ദേഹം സഞ്ചരിച്ച കാർ ട്രെയിലർ ട്രക്കിൽ ഇടിക്കുകയായിരുന്നു. കെഎംപി ഹൈവേയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുളള കലാകാരനായ ദീപ് സിദ്ദു സമരവുമായി ബന്ധപ്പെട്ട് ഡൽഹി ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ പ്രതിയാണ്.
സിദ്ദുവും സുഹൃത്തും ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്ക് പോകുന്നതിനിടെ ഹരിയാനയിലെ കുണ്ഡ്‌ലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ് വേക്ക് സമീപം പാർക്ക് ചെയ്‌ത കണ്ടെയ്‌നറിലേക്ക് സ്‌കോർപ്പിയോ ഇടിച്ചുകയറുകയായിരുന്നു. സിദ്ദുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സോനെപത് സിവിൽ ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന ഒരു സ്ത്രീ അപകടനില തരണം ചെയ്തതായി സൂചനയുണ്ട്.













