• Home
  • latest news
  • മമത ബാനര്‍ജിയും പ്രശാന്ത്‌ കിഷോറും അകലുന്നു…പ്രശാന്തിന്റെ കമ്പനിയെ മമത ഒഴിവാക്കിയെന്ന്‌ സൂചന
Image

മമത ബാനര്‍ജിയും പ്രശാന്ത്‌ കിഷോറും അകലുന്നു…പ്രശാന്തിന്റെ കമ്പനിയെ മമത ഒഴിവാക്കിയെന്ന്‌ സൂചന

തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത്‌ കിഷോറും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മില്‍ അകന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. തൃണമൂലിന്റെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ രൂപീകരിച്ചു വരുന്നതും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ചതും പ്രശാന്ത്‌ കിഷോറിന്റെ കമ്പനിയായ ഐ-പാക്‌ ആയിരുന്നു. എന്നാല്‍ പ്രശാന്ത്‌ കിഷോറിനെതിരെ വന്‍ ആരോപണങ്ങളാണ്‌ തൃണമൂലിന്റെ ചില നേതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്‌. നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ അവര്‍ അറിയാതെ ഐ-പാക്‌ പ്രവര്‍ത്തിപ്പിക്കുകയും പോസ്‌റ്റുകള്‍ ഇടുകയും ചെയ്‌തു എന്നാണ്‌ ആരോപണം. പ്രശാന്ത്‌ കിഷോര്‍ ഇതു നിഷേധിച്ചെങ്കിലും തങ്ങള്‍ ഇനി ബംഗാൾ, മേഘാലയ, ഒഡീഷ എന്നിവിടങ്ങളിൽ ടിഎംസിക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് കിഷോർ മമതയ്ക്ക് സന്ദേശം അയച്ചെന്നും ദീദി അതിനു മറുപടിയായി നന്ദി എന്ന സന്ദേശം തിരിച്ചയച്ചെന്നും റിപ്പോർട്ടുണ്ട്. ബംഗാളി പത്രമായ ആനന്ദബസാർ പത്രികയാണ് ഇരുവരും തമ്മിലുള്ള എസ്എംഎസിനെക്കുറിച്ച് വിവരം നൽകിയത്.

പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും മമതയുടെ മരുമകനുമായ അഭിഷേക് ബാനർജിയുമായി അടുപ്പമുള്ള നേതാക്കൾ ‘ഒരാൾ ഒരു പദവി ‘ എന്ന മുദ്രാവാക്യം അവതരിപ്പിച്ചത് മമത ബാനർജിക്ക്‌ വാൻ അതൃപ്തി ഉണ്ടാക്കി എന്നാണ് പറയുന്നത്. പ്രശാന്ത് കിഷോറുമായി അടുപ്പമുള്ള ആളാണ് അഭിഷേക്. മമതക്കെതിരായ ഈ മുദ്രവാക്യത്തിന് പിന്നിൽ പ്രശാന്ത് കിഷോർ ആണെന്ന് മമത പക്ഷം ആരോപിക്കുന്നു. തൃണമൂൽ കോൺഗ്രസിലെ ഭിന്നത ഇതോടെ രൂക്ഷമായി. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പ്രചാരണത്തിൽ സഹായിക്കാൻ ഉത്തർപ്രദേശിലേക്ക് പോയതിനെച്ചൊല്ലി മംമ്താ ബാനർജിയും അഭിഷേകും തമ്മിൽ ഭിന്നതയുണ്ടെന്നാണ് സൂചന.

മമത സർക്കാരിലെ മന്ത്രിയായ ചന്ദ്രിമ ഭട്ടാചാര്യ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് താനറിയാതെ ചില ട്വീറ്റുകൾ ഉണ്ടായിട്ടുണ്ടെന്ന് ഐ-പാകിനെതിരെ ആരോപണം ഉന്നയിച്ചു.. ഇത് വിവാദമായതോടെ മമത ബാനർജി ശനിയാഴ്ച പാർട്ടിയുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി, സംസ്ഥാന പാർട്ടി പ്രസിഡന്റ് സുബ്രത ബക്ഷി, മന്ത്രിമാരായ ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, ചന്ദ്രിമ ഭട്ടാചാര്യ എന്നീ ആറ് മുതിർന്ന നേതാക്കളെ മാത്രമാണ് യോഗത്തിനു വിളിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *