കര്‍ണാടകത്തില്‍ കത്തിപ്പടര്‍ന്നിരിക്കുന്ന ഹിജാബ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച പാകിസ്‌താന്‍വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറൈഷിക്ക് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ മറുപടി. മലാലയെ സംരക്ഷിക്കാന്‍ കഴിയാത്ത രാജ്യം മുസ്ലീം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നും ഇന്ത്യയിലെ കാര്യങ്ങള്‍ ഇവിടുള്ളവര്‍ നോക്കിക്കോളുമെന്നും ഒവൈസി ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പു റാലിയില്‍ പ്രതികരിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്‌താന് ഒരവകാശവും ഇല്ല- ഒവൈസി പറഞ്ഞു.
കര്‍ണാടകയിലെ ഉടുപ്പിയില്‍ ആരംഭിച്ച ഹിജാബ് നിരോധന വിവാദം ഇപ്പോള്‍ രാജ്യത്താകെ ചര്‍ച്ചയായിരിക്കയാണ്. കര്‍ണാടകത്തിലെ കോളേജ് കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ഗീയമായ സംഘര്‍ഷത്തിനും ഇടയാക്കിയിരിക്കയാണ്. പ്രശ്‌നത്തില്‍ മലാല യൂസഫ് സായിയെ പോലുള്ള ആഗോള വ്യക്തിത്വങ്ങളും പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ രാഷ്ട്രീയ നേതാക്കളും പ്രതികരിച്ച് രംഗത്തെത്തി. കര്‍ണാടകത്തില്‍ ഇപ്പോള്‍ പി.യു. കോളേജുകള്‍ അടച്ചിട്ടിരിക്കയാണ്. എസ്.ഡി.പി.ഐ.യും പോപ്പുലര്‍ ഫ്രണ്ടിന്റെ വിഭാഗമായ കാമ്പസ് ഫ്രണ്ടും ഈ വിഷയം വിനാശകരമായി ഉപയോഗിക്കുകയാണെന്ന് കര്‍ണാടകയിലെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.













