2018-2020 കാലയളവിൽ രാജ്യത്ത് 25,251പേർ തൊഴിലില്ലായ്മയും കടബാധ്യതയും മൂലം ജീവനൊടുക്കിയതായി കേന്ദ്ര സർക്കാർ. ഒന്നാം കോവിഡ് തരംഗമുണ്ടായ 2020 ൽ രാജ്യത്ത് തൊഴിലില്ലായ്മയും കടബാധ്യതയും മൂലം 8,761 പേർ ജീവനൊടുക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശില്‍ കടക്കെണിയിലായ വ്യാപാരി ഫെയ്സ്ബുക് ലൈവിലൂടെ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ബിജെപി പ്രതിരോധത്തിലായതിനു തൊട്ടുപിന്നാലെയാണ് 2018-2020 കാലയളവിൽ ഉണ്ടായ ആത്മഹത്യകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വരുന്നത്. ബിജെപി അനുഭാവിയായ രാജീവ് തോമര്‍ എന്ന വ്യാപാരി ഭാര്യയോടൊപ്പമാണ് വിഷം കഴിച്ചത്. ഭാര്യ മരിച്ചു. രാജീവ് തോമര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഞാൻ ദേശവിരുദ്ധനല്ല, പ്രധാനമന്ത്രി നിങ്ങൾ ചെറുകിട വ്യാപാരികളുടെയും കർഷകരുടെയും അഭ്യുദയകാംക്ഷിയല്ല. നിങ്ങൾ നയങ്ങൾ മാറ്റുക– ഫെയ്സ്ബുക് ലൈവിൽ തോമർ പറഞ്ഞു.













