• Home
  • latest news
  • മുഖ്യമന്ത്രി കാവിയുടുക്കുന്നത്‌ ശരിയും മുസ്ലീങ്ങള്‍ ഹിജാബ്‌ ധരിക്കുന്നത്‌ തെറ്റും ആകുന്നതെങ്ങിനെ? രണ്ടും തെറ്റാണ്‌…

മുഖ്യമന്ത്രി കാവിയുടുക്കുന്നത്‌ ശരിയും മുസ്ലീങ്ങള്‍ ഹിജാബ്‌ ധരിക്കുന്നത്‌ തെറ്റും ആകുന്നതെങ്ങിനെ? രണ്ടും തെറ്റാണ്‌…

“എന്റെ മതേതര രാജ്യത്ത് ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും കാവി ധരിക്കുന്നത് ശരിയല്ലെന്ന് ഞാൻ കരുതുന്നു. ഒരു മതത്തിന്റെ ചിഹ്നമായി മുഖ്യമന്ത്രി കാവിയുടുത്താൽ തെറ്റല്ല , ഇതര മതത്തിലെ പെൺകുട്ടികൾ ഹിജാബ് ധരിച്ച് സ്‌കൂളിൽ പോയാൽ തെറ്റാണ്– ഇത് ശരിയല്ല.” ഈ വാക്കുകള്‍ നമുക്ക്‌ അവഗണിക്കാന്‍ കഴിയില്ല. പറയുന്നതാവട്ടെ മുത്തലാഖിനെതിരെ ശക്തമായ ശബ്ദമുയര്‍ത്തിയ ഭാരതീയ മുസ്ലീം മഹിളാ ആന്ദോളൻ മേധാവി സാകിയ സോമൻ. മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്റെ മുഖമായി മാറിയ സകിയ സോമൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അപ്രിയ സത്യങ്ങൾ തുറന്നു പറയുന്നത്.

“ഹിജാബ് തീർത്തും തെറ്റാണെന്ന് ഞാൻ കരുതുന്നു. ഹിജാബും ബുർഖയും ഇസ്‌ലാമിന്റെ ഭാഗമല്ലെന്ന് തെളിയിക്കുന്ന നിരവധി ഇസ്‌ലാമിക പണ്ഡിതന്മാരുടെ ഗവേഷണമാണ് ഇതിന് പിന്നിൽ”– സാകിയ ഇത് കൂടി തുറന്നു പറയുമ്പോൾ അവരുടെ പക്ഷം വ്യക്തമാണ്.

‘പൊതുജീവിതത്തിൽ മതം കൊണ്ടുവരുന്നത് തികച്ചും ശരിയല്ല. അത് ഏതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഹിജാബ് ധരിക്കുന്നതോ കാവി ധരിക്കുന്നതോ ശരിയാണോ.. ഈ രാജ്യം മതേതരമാണ്. മുഖ്യമന്ത്രി കാവി ധരിക്കുന്നതും സ്കൂളിൽ ഹിജാബ് ധരിക്കുന്നതും രണ്ടും തെറ്റാണ്.

കാവി വസ്ത്രവും ഹിജാബും ഒരേ രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു മതം പരസ്യമായി പ്രചരിപ്പിക്കുമ്പോൾ മറ്റ് മതക്കാരും അത് തന്നെ ചെയ്യും. സ്വന്തമായി ഡ്രസ് കോഡ് ഉണ്ടാക്കുക എന്നത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അവകാശമാണ്. അനാവശ്യ രാഷ്ട്രീയം നടത്തുന്നതിനെ ഞാൻ എതിർക്കുന്നു. പൊതുജീവിതത്തിൽ ഇത്രയധികം മതം വരുമെങ്കിൽ ചിലപ്പോൾ പെൺകുട്ടികൾ ഹിജാബ് ധരിക്കും, ചിലപ്പോൾ കുട്ടികൾ കാവിയും ധരിക്കും.

പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും പാഠം ഉൾക്കൊള്ളണം. പൊതുജീവിതത്തിൽ മതം കൊണ്ടുവന്നതിന്റെ ഫലം എന്താണെന്ന് ഈ രാജ്യങ്ങളിലെ സ്ഥിതി കാണണം. ഇന്ത്യ ഒരു മതമല്ല, മതേതര രാജ്യമാണ്–സാകിയ പറയുന്നു.

ഹിജാബ്‌ ഇസ്ലാമിന്റെ അടിസ്ഥാന ഘടകമല്ലെന്ന്‌ ഗവേഷണങ്ങള്‍ തെളിയിക്കുന്നതായി സാകിയ പറയുന്നു. നിരവധി ഇസ്ലാമിക പണ്ഡിതര്‍ തന്നെ ഇത്‌ ശരിവെക്കുന്നുണ്ട്‌. ബിയോണ്ട്‌ ദി വെയില്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവും പണ്ഡിതയും ഗവേഷകയുമായ ഫാത്തിമ മര്‍നിസിയുടെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും സാകിയ പങ്കുവെക്കുന്നു. “ഖുർആനിൽ ഹിജാബും ബുർഖയുമില്ല. എന്നാൽ മൂടുപടം എന്ന വാക്ക് (സിത്ർ) ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്ക് 12-14 തവണ ഉപയോഗിച്ചു. ഇതിൽ രണ്ട് തവണ സ്ത്രീകളെ ഉദേശിച്ചും ബാക്കിയുള്ളത് പുരുഷന്മാർക്കു ഉദ്ദേശിച്ചും ആണ് ഉപയോഗിച്ചിട്ടുള്ളത്. അതായത്, പുരുഷന്മാർ സ്ത്രീകളിൽ നിന്ന് മൂടുപടം ധരിക്കണം. ഇതിനർത്ഥം അവർ സ്ത്രീകളെ തുറിച്ചുനോക്കരുത് എന്നാണ്. മോശം രീതിയിൽ നോക്കരുത് എന്നാണ്. എന്നാൽ മുഹമ്മദ് നബിക്ക് ശേഷം ആളുകൾ അതിന്റെ അർത്ഥം മാറ്റി. സ്ത്രീകളെ വീട്ടിൽ നിർത്താനും വിലക്കാനുമുള്ള ഉപാധിയാക്കി മാറ്റി.”–ഫാത്തിമ മര്‍നിസിയുടെ നിരീക്ഷണങ്ങൾ സാകിയ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *