അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽ കുടുങ്ങിയ ഏഴ് സൈനികരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. 7 പേരുടെയും മൃതശരീരം സൈനിക കേന്ദ്രത്തിലേക്ക് കൊണ്ട് വരികയാണെന്നും സൈന്യം അറിയിച്ചു.
ഫെബ്രുവരി 6-നാണ് പട്രോളിംഗിന് പോയ സൈനികരെ പടിഞ്ഞാറൻ കമേങ് ജില്ലയിലെ ഇന്തോ-ചൈന അതിർത്തിയിലുണ്ടായ ഹിമപാതത്തിൽ കണാതായത്. സുരക്ഷാ സേന എയർ ലിഫ്റ്റിംഗ് ഉൾപ്പടെയുള്ള തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കനത്ത മഞ്ഞു വീഴ്ച രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
14,500 അടി ഉയരത്തിലാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ കനത്ത മഞ്ഞു വീഴ്ച തുടരുകയാണ്.
ഇതിന് മുൻപും സൈനികർ ഹിമപാതത്തിൽ പെട്ട് മരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2020 ലാണ് ഇതിന് മുൻപ് 2 സൈനികർ ഹിമപാതത്തിൽ പെട്ട് മരിച്ചത്. സിക്കിമിലായിരുന്നു സംഭവം. ‘പട്രോളിംഗ് കം സ്‌നോ ക്ലിയറിങ് പാർട്ടി’യുടെ അംഗങ്ങളായ സൈനികർ ആയിരുന്നു മരിച്ചത്.













