മാടായിപ്പാറയില്‍ കഴിഞ്ഞ ദിവസം പടര്‍ന്നു പിടിച്ച തീയണയ്‌ക്കാന്‍ താനും ഒപ്പമുള്ള വാഹനയാത്രികരും ഓടിക്കൂടിയവരും നടത്തിയ ശ്രമം നാടകമാണെന്ന മാടായിപ്പാറ സംരക്ഷണസമിതിയുടെ പ്രസ്‌താവന ആരുടെ ഭാവനാസൃഷ്ടിയായാലും അത് മനുഷ്യവിരുദ്ധമാണെന്ന് എം.വിജിന്‍ എം.എല്‍.എ..
ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കാനായി എം.എല്‍.എ. തന്നെ ആസൂത്രണം ചെയ്‌ത തീപിടിപ്പിക്കലാണ് മാടായിപ്പാറയിലുണ്ടായതെന്ന ആരോപണം അസംബന്ധമാണെന്നും താന്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഒരു സംഭവം കണ്ടപ്പോള്‍ അതില്‍ ഇടപെട്ടതിനാണ് ഇങ്ങനെ ദുരാരോപണം ഉന്നയിക്കുന്നതെന്നും വിജിന്‍ പറഞ്ഞു.
മാടായിപ്പാറയില്‍ കഴിഞ്ഞ ദിവസം തീപിടിച്ചതും തീയണയക്കലുമെല്ലാം ആസൂത്രിതമാണെന്നും പാറയില്‍ ഫയര്‍സ്റ്റേഷന്‍ ഉണ്ടാക്കാന്‍ നല്‍കിയ അപേക്ഷയ്‌ക്ക് ബലം കൂട്ടാന്‍ നടത്തിയ നാടകമാണെന്നും മാടായിപ്പാറ സംരക്ഷണസമിതി പ്രസ്‌താവനയില്‍ ആരോപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വിജിന്‍.

സത്യത്തില്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്. വളരെ യാദൃച്ഛികമായാണ് ഞാന്‍ അതു വഴി വന്നത്. വെങ്ങര മുച്ചിലോട്ടിനടുത്ത് ഒരു മരണം നടന്ന വീട്ടില്‍ പോയി തിരിച്ചുവരികയായിരുന്നു. ഉച്ച 12 മണി കഴിഞ്ഞ സമയമാണ്. കാറില്‍ വരുമ്പോള്‍ കിളികള്‍ വട്ടമിട്ട് പറക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് തീ കത്തുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉണങ്ങിയ പുല്ലിന് തീപിടിച്ച് പടര്‍ന്നാല്‍ അതി ഭീകരമായ പ്രത്യാഘാതമായിരിക്കും എന്നത് ഉറപ്പാണ്. ഞാന്‍ ഉടനെ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിളിച്ചു പറഞ്ഞു. പെട്ടെന്നു തന്നെ കാര്‍ നിര്‍ത്തി ഡ്രൈവറെയും കൂട്ടി കയ്യില്‍ കിട്ടിയ അക്കേഷ്യയുടെ കൊമ്പ് ഒടിച്ച് അതുപയോഗിച്ച് ഓടിപ്പോയി തീ അടിച്ചു കെടുത്തുകയാണ് ചെയ്‌തത്. വെള്ളമൊന്നും കിട്ടാന്‍ ആ സമയം സാധ്യതയില്ലായിരുന്നു.

ഏതൊരു മനുഷ്യനും സ്വാഭാവികമായി ചെയ്യുന്ന കാര്യം ചെയ്‌തുവെന്നല്ലാതെ ഒരു തരം പബ്ലിസിറ്റിക്കും വേണ്ടിയുള്ളതല്ല ഇതൊന്നും. ഞാനും ഡ്രൈവറും ചേര്‍ന്ന് തീ അടിച്ചു കെടുത്തുന്നത് കണ്ട് കുറച്ചു പേര്‍ ഓടിവന്ന് അവരും സഹായിച്ചു. അവരിലാരോ എടുത്ത ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. ഫയര്‍ഫോഴ്‌സ് വന്ന് വെള്ളം തളിച്ച് നിലത്തുള്ള മുഴുവന്‍ തീയും കെടുത്തിയ ശേഷമാണ് ഞാന്‍ പോയതും. -വിജിന്‍ വ്യക്തമാക്കി.
ഫയര്‍സ്റ്റേഷന്‍ ഇല്ലാത്ത വിഷയവും ഈ സംഭവവും തമ്മില്‍ ബന്ധപ്പെടുത്താനുള്ള ശ്രമം വികലമായ മനസ്സില്‍ ഉണ്ടായതാവാം. കല്യാശ്ശേരി മണ്ഡലത്തില്‍ ഒരു ഫയര്‍സ്റ്റേഷന്‍ ഇല്ല എന്നത് യാഥാര്‍ഥ്യമാണ്. എന്തെങ്കിലും അപകടമുണ്ടായാല്‍ പയ്യന്നൂരിലെയോ തളിപ്പറമ്പിലെയോ അഗ്നിരക്ഷാസേനയെ വിളിച്ചു വരുത്തണം. അതിനിടയില്‍ പലപ്പോഴും എല്ലാം കത്തിച്ചാമ്പലാകുകയോ ദുരന്തം പൂര്‍ത്തിയാകുകയോ ചെയ്‌തു കഴിഞ്ഞിട്ടുണ്ടാവും. മണ്ഡലത്തിലെ പ്രധാന പട്ടണമായ പഴയങ്ങാടിയില്‍ ഒരു ഫയര്‍സ്റ്റേഷന്‍ വേണമെന്നത് ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്. എന്നാല്‍ അതിന് യോജ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഞാന്‍ എം.എല്‍.എ.ആയ ശേഷം ഉണ്ടായിട്ടുള്ള പുതിയ കാര്യമേയല്ല.

മാടായിപ്പാറയ്‌ക്ക് തീയിട്ടിട്ട് വേണമോ ഫയര്‍സ്റ്റേഷനുള്ള ആവശ്യത്തിന് പ്രസക്തിയുണ്ടാക്കാന്‍. അതിനു മാത്രം പ്രാന്ത് എനിക്കില്ല. നാടകമുണ്ടാക്കി ഫയര്‍സ്റ്റേഷന്‍ ആവശ്യം ഉയര്‍ത്തേണ്ട കാര്യവുമില്ല, കാരണം അത് നേരത്തെ തന്നെ ആവശ്യമായി ഉയര്‍ന്നു കഴിഞ്ഞിട്ടുള്ള ജനകീയ വിഷയമാണ്. സ്വപ്‌നത്തില്‍ പോലും ആളുകള്‍ ആലോചിക്കാത്ത കാര്യങ്ങള്‍ ആരോപണമായി ഉന്നയിച്ച് മാടായിപ്പാറ സംരക്ഷണ സമിതി രംഗത്തു വരുന്നത് ദുരുപദിഷ്ടമാണ്. ഈ നാടിന്റെ സംരക്ഷണച്ചുമതലയൊന്നും ഇവര്‍ക്കാര്‍ക്കും ആരും നല്‍കിയിട്ടൊന്നുമില്ല. ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പിന്നില്‍ വികലമായ മനസ്സാണുള്ളത്–വിജിന്‍ പ്രതികരിച്ചു.













