പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി കോട്ടയം മെഡിക്കല്‍ കോളേജ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ആശാവഹമായ പുരോഗതിയുണ്ടെന്നാണ് സൂചന. വെന്റിലേറ്ററിലുള്ള സുരേഷ് 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്. മരുന്നുകളോട് സുരേഷ് പ്രതികരിക്കുന്നുണ്ട്-ബുള്ളറ്റിന്‍ പറയുന്നു. മെഡിക്കല്‍ കോളേജാസ്‌പത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ് സുരേഷ് ഇപ്പോഴുള്ളത്.
അപകട നില തരണം ചെയ്‌തെന്നാണ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചത്. കൈകാലുകള്‍ അനക്കുന്നുണ്ട്. വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്. ഇതുവരെ ഏല്‍ക്കാത്തത്ര മാരകമായ കടിയാണ് ഇന്നലെ സുരേഷിന് മൂര്‍ഖന്‍ പാമ്പില്‍ നിന്നും ഏറ്റത്. എല്ലാ തരം ആധുനിക ചികില്‍സയും സുരേഷിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.













