• Home
  • kerala
  • മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ വീണ്ടും തടഞ്ഞു…ചാനല്‍ നിര്‍ത്തിവെച്ചു

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ വീണ്ടും തടഞ്ഞു…ചാനല്‍ നിര്‍ത്തിവെച്ചു

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതായി എഡിറ്റര്‍ പ്രമോദ്‌ രാമന്‍ ടെലിവിഷനിലൂടെ അറിയിച്ചു. സുരക്ഷാകാരണം പറഞ്ഞാണ്‌ നിരോധനമെന്നും പ്രമോദ്‌ രാമന്‍ പറഞ്ഞു. എന്നാല്‍ വിശദാംശം ലഭ്യമാക്കിയിട്ടില്ല. നിയമനടപടിയിലേക്ക്‌ നീങ്ങുകയാണ്‌. നടപടികള്‍ പൂര്‍ത്തിയായ ശേഷം വിശദാംശങ്ങള്‍ അറിയിക്കും. നീതി പുലരുമെന്ന വിശ്വാസത്തോടെ ഇപ്പോള്‍ തല്‍ക്കാലം സംപ്രേഷണം നിര്‍ത്തുന്നു-എഡിറ്റര്‍ അറിയിച്ചു.

രണ്ടു വര്‍ഷം മുമ്പ്‌ മീഡിയ വണ്‍, ഏഷ്യാനെറ്റ്‌ എന്നീ ചാനലുകളുടെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ സംഭവം ഉണ്ടായിരുന്നു. പൗരത്വനിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭം ഡല്‍ഹിയില്‍ കൊടുമ്പിരിക്കൊണ്ടപ്പോള്‍ നടന്ന കലാപം റിപ്പോര്‍ട്ട്‌ ചെയ്‌തതിന്റെ പേരിലായിരുന്നു നടപടി. എന്നാല്‍ മണിക്കൂറുകള്‍ക്കകം ആദ്യം ഏഷ്യാനെറ്റിന്റെയും പിന്നീട്‌ മീഡിയാ വണ്ണിന്റെയും നേരെയുള്ള നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു.

2020 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഡെല്‍ഹിയില്‍ അരങ്ങേറിയ വന്‍ കലാപത്തില്‍ സംഘപരിവാറിനുള്ള പങ്ക്‌ സംബന്ധിച്ച്‌ വന്ന വാര്‍ത്തകളാണ്‌ കേന്ദ്രസര്‍ക്കാരിനെ അന്ന്‌ പ്രകോപിപ്പിച്ചിരുന്നത്‌. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലും ഡെല്‍ഹി സര്‍വ്വകലാശാലയിലും ഈസ്റ്റ്‌ ഡെല്‍ഹി പ്രദേശങ്ങളിലുമൊക്കെ സംഘപരിവാര്‍ ഇളക്കിവിടുകയും നേതൃത്വം നല്‍കുകയും ചെയ്‌ത വലിയ അക്രമങ്ങള്‍ സംബന്ധിച്ച തല്‍സമയ റിപ്പോര്‍ട്ടുകള്‍ ഏഷ്യാനെറ്റ്‌ ന്യൂസിലും മീഡിയാ വണ്ണിലും വന്നത്‌ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി. സംപ്രേഷണം നിര്‍ത്താനായി ചാനലുകള്‍ക്ക്‌ നല്‍കിയ നോട്ടീസില്‍ വാര്‍ത്തകള്‍ സംബന്ധിച്ച്‌ ആര്‍.എസ്‌.എസ്‌. നേതൃത്വത്തിന്‌ പരാതികള്‍ ഉള്ളതിനാലാണ്‌ നിരോധനം നടപ്പാക്കുന്നതെന്ന്‌ വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട്‌ ഉപാധികളൊന്നും കൂടാതെ ആദ്യം ഏഷ്യാനെറ്റിന്റെ നിരോധനം നീക്കി. തൊട്ടടുത്ത ദിവസം രാവിലെ മീഡിയ വണ്‍ നിരോധനവും നീക്കി.

Leave a Reply

Your email address will not be published. Required fields are marked *