തളിപ്പറമ്പിന്റെ ജനപ്രതിനിധി കൂടിയായ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്‌റ്ററുടെ ഇടപെടല്‍ മണ്ഡലത്തിലെ യാത്രാക്ലേശത്തിന് ആശ്വാസമാകുന്നു. കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസുകള്‍ ഇന്നു മുതല്‍ വീണ്ടും ആരംഭിക്കുകയാണ്. സാധാരണ ഗതിയില്‍ ലാഭം ഉണ്ടാവില്ലെന്ന കാരണത്താല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്താന്‍ താല്‍പര്യം കാണിക്കാത്ത പല ഉൾനാടൻ റൂട്ടുകളിലും കെ.എസ്.ആര്‍.ടി.സി.യുടെ ബസ്സുകളാണ് ജനത്തിന് ആശ്വാസമായി ഉണ്ടാകാറുള്ളത്. എന്നാല്‍ കൊവിഡ് കാലത്ത് ഇവയെല്ലാം നിര്‍ത്തലാക്കിയിരുന്നു. പിന്നീട് പുനരാരംഭിച്ചുമില്ല. ഇതിന് ഇന്ന് മുതൽ അവസാനമാകുകയാണ്. മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

തളിപ്പറമ്പ്-പാച്ചേനി-തിരുവട്ടൂർ- ചപ്പാരപ്പടവ്, വാരംകടവ്- പറശ്ശിനിക്കടവ്-തളിപ്പറമ്പ്, എന്നീ റൂട്ടുകളിലെ നിർത്തിവച്ചിരുന്ന കെഎസ്ആർടിസി സർവീസുകളാണ് തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുന്നത്. കുടിയാന്മല-പെരുമ്പടവ് വഴി മംഗലാപുരം, കണ്ണൂർ- പെരുമാച്ചേരി-മയ്യിൽ-ശ്രീകണ്ഠാപുരം, ബസ് സർവീസുകൾ കഴിഞ്ഞയാഴ്ച മുതൽ പുനരാരംഭിച്ചിരുന്നു.
നിർത്തിവച്ച റൂട്ടുകളിൽ സാധ്യമായവ പുനരാരംഭിക്കുകയും മറ്റുള്ള റൂട്ടുകളിൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകളുടെ റൂട്ടുകൾ ക്രമീകരിച്ചുകൊണ്ടും യാത്രക്കാർക്ക് ബസ്സുകൾ ലഭ്യമാക്കും.
ബുധനാഴ്ച മുതൽ പൂർണതോതിൽ സർവീസ് തുടങ്ങാനാകുമെന്ന് കണ്ണൂർ ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.













