ഐക്യരാഷ്ട്രസഭയുടെ വിലക്കിനെ മറികടന്ന് ഉത്തരകൊറിയ വീണ്ടും ഒരു വന്‍ മിസൈല്‍ വിക്ഷേപണം നടത്തി. ഞായറാഴ്‌ച പ്രാദേശിക സമയം 7.52-നായിരുന്നു വിക്ഷേപണമെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്‌തു. അമേരിക്കയും ജപ്പാനും ദക്ഷിണകൊറിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് 2017-നു ശേഷം നിര്‍മ്മിച്ച ഏറ്റവും വലിയ മിസൈല്‍ കിം ജോങ് ഉന്‍ നേതൃത്വത്തിലുള്ള രാജ്യം വിക്ഷേപിച്ചിരിക്കുന്നത്. ഈ മാസം നടത്തുന്ന ഏഴാമത്തെ മിസൈല്‍ പരീക്ഷണവുമാണിത്.

2017 നവംബറിന് ശേഷം പരീക്ഷിച്ച ഏറ്റവും വലിയ മിസൈലായിരിക്കും ഞായറാഴ്ചത്തെ പരീക്ഷണം എന്നും വിക്ഷേപിച്ചത് ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (IRBM) ആണെന്നും ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.
മിസൈൽ 2,000 കിലോമീറ്റർ (1240 മൈൽ) ഉയരത്തിലെത്തി 30 മിനിറ്റ് 800 കിലോമീറ്റർ (500 മൈൽ) ദൂരത്തേക്ക് പറന്നുവെന്ന് ജാപ്പനീസ്, ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ കണക്കാക്കുന്നു. ജപ്പാൻ കടലിൽ മിസൈൽ പതിച്ചു.
“കൂടുതൽ അസ്ഥിരപ്പെടുത്തുന്ന പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ” അമേരിക്ക ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു.













