കെ-റെയില്‍ വിഷയത്തില്‍ റഫീക്ക് അഹമ്മദിനു ശേഷം ഏറ്റവും കൂടുതല്‍ അധിക്ഷേപം കേട്ടുകൊണ്ടിരിക്കുന്ന രണ്ടാമത്തെ എഴുത്തുകാരനാണ് എം.എന്‍.കാരശ്ശേരി. കാരശ്ശേരിയെ ആക്രമിക്കുന്നവര്‍ പലരും സംഘപരിവാര്‍ ശൈലിയും സ്വീകരിക്കുന്നതായി ഇതിനകം വലിയ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

സംവിധായകന്‍ കമലിനെ കമാലുദ്ദീന്‍ എന്നും നടന്‍ വിജയിനെ ജോസഫ് വിജയ് എന്നും വിളിച്ച സംഘപരിവാര്‍ ശൈലിയില്‍ തന്നെ എം.എന്‍.കാരശ്ശേരിയെ മുഹിയുദ്ദീന്‍ നടുക്കണ്ടിയില്‍ കാരശ്ശേരി എന്ന് നീട്ടിയെഴുതുകയും പുരോഗമനത്തിന്റെ ചായമെത്ര പൂശിയാലും ഉള്ളിലുള്ള നീലക്കുറുക്കന്‍ അറിയാതെ കൂവിപ്പോകും എന്ന് ആരോപിക്കുകയും ചെയ്യുന്ന പോസ്‌റ്ററുകള്‍ വാട്‌സ് ആപ് ഗ്രൂപ്പുകളിലും ഫേസ് ബുക്കിലും പ്രചരിക്കുന്നത് ചര്‍ച്ചയായിരിക്കയാണ്. എം.എന്‍.കാരശ്ശേരി പുരോഗമനമുഖംമൂടിയിട്ട മതമൗലികവാദിയാണെന്ന ദുസ്സൂചന നല്‍കാനാണ് മുസ്ലീം പേര് മുഴുവനായും കൊടുത്തിരിക്കുന്നതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു.
എന്നാല്‍ താന്‍ ഇതിനെയൊക്കെ തമാശയായിട്ടാണ് കാണുന്നതെന്നും കെ-റെയിലിന്റെ കൊള്ളരുതായ്‌മയിലേക്ക് കൂടുതല്‍ വെളിച്ചം വീഴാനും കൂടുതല്‍ പേര്‍ ഇതൊക്കെ ചര്‍ച്ച ചെയ്യാനും തനിക്കെതിരായ ആക്രമണം കാരണമാകുന്നതില്‍ സന്തോഷമാണുള്ളതെന്നും കാരശ്ശേരി മാഷ് ഒരു വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ഫേസ്‌ബുക്കില്‍ മറ്റൊരു ചിത്രം പ്രചരിപ്പിക്കുന്നതും എം.എന്‍.കാരശ്ശേരി സൂചിപ്പിക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് ജര്‍മനിയില്‍ പോയപ്പോള്‍ ഒരു ട്രെയിനിലിരിക്കുന്ന ചിത്രമാണത്. വിദേശത്ത് പോയി എല്ലാം ആസ്വദിച്ചിട്ട് വന്നിട്ട് കേരളത്തിലുള്ളവര്‍ക്കിതൊന്നും ആവശ്യമില്ലെന്നാണോ പറയുന്നത് എന്ന പഴിയാണ് സൈബര്‍ അക്രമികള്‍ ഉയര്‍ത്തുന്നത്. ഇതു കൊണ്ടൊന്നും വായ മൂടിക്കെട്ടാനാവില്ലെന്ന് കാരശ്ശേരി സ്വത സിദ്ധമായ വെളുക്കച്ചിരിയോടെ പറയുന്നു. ശാസ്‌ത്ര സാഹിത്യ പരിഷത്തും കെ റെയിലിനെ എതിര്‍ക്കുന്ന ടി പി കുഞ്ഞിക്കണ്ണന്‍, ആര്‍ വി ജി മേനോന്‍ അടക്കമുള്ള മറ്റനേകം ആളുകളുടെ പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവയില്‍ പറയുന്ന ഒരു വാദത്തിനും മറുപടി ഇല്ലെന്ന് തെളിയിക്കുകയാണ് ഈ അധിക്ഷേപ വാക്കുകള്‍.
മറ്റൊരാള്‍ വായില്‍ തോന്നുന്നത് പറയുന്നതില്‍ തനിക്ക് യാതൊരു അപമാനവുമില്ലെന്നും ഇതൊക്കെ തമാശയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കെ റെയിലിന്റെ കൊള്ളരുതായ്മയിലേക്കും അശാസ്ത്രീയതയിലേക്കും ജനങ്ങളുടെ ശ്രദ്ധ വഴി തിരിച്ചുവിടും. അതില്‍ സന്തോഷമുണ്ട്.
കെ റെയില്‍ വന്നാല്‍ അഞ്ച് ലക്ഷം ജനങ്ങള്‍ ഭവന രഹിതരായി തീരും. അവര്‍ക്ക് എത്ര പണം കൊടുത്തിട്ടും കാര്യമില്ല. കാരശ്ശേരിയോ സി ആര്‍ നീലകണ്ഠനോ അല്ല, പ്രകൃതിയും സമ്പദ്ഘടനയുമാണ് ഇവിടുത്തെ വിഷയമെന്നും കാരശ്ശേരി പറയുന്നു.













