കേരളത്തിലെ മുതിര്‍ന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ. സോമനാഥ് അന്തരിച്ചു. 59 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ കോണിപ്പടിയില്‍ നിന്നും തെന്നി വീണ് തലയ്‌ക്ക് ക്ഷതമേറ്റ സോമനാഥിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മസ്‌തിഷാഘാതം സംഭവിച്ച അദ്ദേഹം ഇന്നലെ വെന്റിലേറ്ററിലായിരുന്നു. ഇന്നു രാവിലെയാണ് വിയോഗം. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയാണ് . ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍. സംസ്‌കാരം ഇന്ന് ശാന്തികവാടത്തില്‍.
മലയാള മനോരമയില്‍ ദീര്‍ഘ കാലം പ്രത്യേക ലേഖകനായി പ്രവര്‍ത്തിച്ച് കഴിഞ്ഞ വര്‍ഷം വിരമിച്ച സോമനാഥ് കേരളത്തിലെ പാര്‍ലമന്റെറി പത്രപ്രവര്‍ത്തനത്തിലെ ആധികാരിക മുഖമായി അറിയപ്പെടുന്ന വ്യക്തിയാണ്. സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് പദവിയിലിരുന്നാണ് മനോരമയിൽ നിന്നും വിരമിച്ചത്. 34 വർഷം മനോരമയിൽ സേവനമനുഷ്ഠിച്ചു.
കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം ബ്യൂറോകളിൽ ഇക്കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് കാലം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്‌ത സോമനാഥിനെ അടുത്തിടെ നിയമസഭ ആദരിച്ചിരുന്നു.
മലയാള മനോരമയില്‍ സോമനാഥ് എഴുതിയിരുന്ന നടുത്തളം എന്ന കോളം ഏറെ വിരസമായ നിയമസഭാ നടപടിക്രമങ്ങള്‍ ഒരു കഥ പോലെ രസാത്മകമാക്കിത്തീര്‍ക്കുന്നതായിരുന്നു. എന്നു മാത്രമല്ല, ഒരോ ദിവസത്തെയും ദീര്‍ഘമായ നടപടികളെ കാച്ചിക്കുറുക്കി പ്രധാന സംഭവങ്ങള്‍ ചോര്‍ന്നു പോകാതെ അവതരിപ്പിക്കാനുള്ള വൈഭവം സോമനാഥിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തനാക്കി.

മനോരമയുടെ എഡിറ്റോറിയല്‍ പേജിലെ പ്രതിവാര ആക്ഷേപഹാസ്യ കോളം “ആഴ്‌ചക്കുറിപ്പുകള്‍” കൈകാര്യം ചെയ്‌തിരുന്നത് സോമനാഥ് ആയിരുന്നു, അദ്ദേഹം വിരമിക്കും വരെ. ആ കോളം കേരള മാധ്യമങ്ങളിലെ തന്നെ ഏറ്റവും മികച്ച ആക്ഷേപഹാസ്യരചനകളായി അനുവാചകരിലും രാഷ്ട്രീയകുതുകികളിലും സ്ഥിരപ്രതിഷ്‌ഠ നേടുകയും ചെയ്‌തു.
നിയമസഭാ നടപടികളുടെ റിപ്പോര്‍ട്ടിങില്‍ സാഹിത്യവും നര്‍മ്മവും നിറച്ച് ഓരോ എഴുത്തും ഒരോ സര്‍ഗാത്മക രചനയാക്കിയ സോമനാഥ് അതേസമയം തന്നെ കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി ജേര്‍ണലിസ്‌ററും യാത്രികനുമാണ്.
സോമനാഥ് എഴുതിയ പ്രകൃതി സംബന്ധമായ സവിശേഷ വാര്‍ത്തകള്‍ ആ മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിപുലമായ സൗഹൃദബന്ധങ്ങളുള്ള സോമനാഥിന്റെ അപ്രതീക്ഷിത വിയോഗം മലയാള മാധ്യമലോകത്തിന് തീരാ നഷ്ടമാണ്.
മുഖ്യമന്ത്രി അനുശോചിച്ചു
മലയാളമനോരമ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ഇ. സോമനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന സോമനാഥ് നിയമസഭാ റിപ്പോർട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.













